മധ്യപ്രദേശിലെ കൊച്ചമ്മുവെന്ന കുഗ്രാമത്തിൽ ഗതാഗത യോഗ്യമായ റോഡുകളോ, വൈദ്യുതിയോ, കുടിവെള്ളമോ ഒന്നുമില്ലാത്ത ഒരു കാടു പ്രദേശത്തു ആദിവാസികളോടൊപ്പം അഴുക്കുപുരണ്ടു കീറിപ്പറിഞ്ഞ വസ്തങ്ങളും ധരിച്ചു അലഞ്ഞുതിരിയുന്ന ഒരു മനുഷ്യൻ ! കാഴ്ച്ചയിൽ കാടുമനുഷ്യരുമായി ഒരു വ്യത്യാസവും തോന്നിക്കാത്ത ചെമ്പിച്ച നരച്ചു പാറിപ്പറന്നു കിടക്കുന്ന മുടിയും താടിയുമായി തിരക്കിട്ടു നടക്കുന്ന ആ മനുഷ്യന്റെ കണ്ണുകൾ തിളങ്ങുന്നതാണ്! ആ കണ്ണുകൾ ജ്വലിക്കുന്നതായി കാണാം !
അങ്ങേയറ്റം താഴ്‌മയേറിയ ജീവിതരീതി അവലംബിച്ചിരിക്കുന്ന ഈ സാധു മനുഷ്യൻ ആ ഗ്രാമ വാസികൾക്കെല്ലാം സുപരിചി തനാണ്. തന്റെ ഒരു പഴഞ്ചൻ സൈക്കിളിൽ ഗ്രാമം മുഴുക്കെ ചുറ്റുന്നത് ഗ്രാമവാസികളെ ബോധവാന്മാരാക്കാനാണ്!
കേവലം മൂന്ന് കുർത്തയും അത്യാവശ്യം ചില അടിവസ്ത്രങ്ങളും പിന്നെ ആ സൈക്കിളുമാണ് സ്വന്തമായുള്ള ആസ്തി !
1982-ൽ അന്തസുള്ള ഒരു ജോലിയുപേക്ഷിച്ച ഈ മനുഷ്യ സ്‌നേഹി, തന്റെ അതുവരെയുള്ള സമ്പാദ്യവും, ബാക്കിയുള്ള ജീവിതവും സമൂഹത്തിനായി സമർപ്പിക്കാനായിരുന്നു തീരുമാനം! താഴെക്കിടയിലുള്ള മനുഷ്യന്റെ ഉന്നമനത്തിലൂടെ രാഷ്ട്രപുരോഗതി കൈവരിക്കാമെന്ന ദൃഢ നിശ്ചയത്തിലാണ് ഈ കുഗ്രാമത്തിലേക്കു തിരിച്ചത്. ഏകദേശം മുപ്പത്തി രണ്ടു വര്ഷം അങ്ങിനെ കഴിഞ്ഞു. അൻപത്തിനായിരത്തിൽപരം വൃക്ഷങ്ങൾ നാട്ടു വളർത്തി. ആപ്രദേശത്താകെയുള്ള ഒരേയൊരു സ്കൂളിലെ വിദ്യാർത്ഥികളെ സഹായിച്ചു.
ആരുമറിയാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ തന്റെ ലക്ഷ്യത്തിലേക്കു സഞ്ചരിച്ചുകൊണ്ടിരുന്ന ഈ മനുഷ്യൻ ഒരിക്കൽ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ അധികാരികളുടെ ശ്രദ്ധയിൽപെട്ടു. തന്നെപറ്റിയുള്ള ഒരു വിവരവും മനസിലാക്കാൻ കഴിയാതെ വന്നപ്പോൾ അധികാരികൾ സംശയ ദൃഷ്ടിയോടെ നോക്കാൻ തുടങ്ങി. ഈ അജ്ഞാതൻ എത്രയും പെട്ടന്ന് സ്ഥാലം വിട്ടു പോകാൻ അവർ ആവശ്യപ്പെട്ടു.
അങ്ങിനെ ഗത്യന്തരമില്ലാതെ ഒരാവസ്ഥയിലാണ് തന്റെ യഥാർത്ഥ വിവരം തെളിവുകൾ സഹിതം നിരത്താൻ നിര്ബന്ധമായത്. തൻ തുടങ്ങിവച്ച പ്രവർത്തനങ്ങൾ തുടരുന്നതിന് തടസമുണ്ടാവാതിരിക്കാൻ വേണ്ടി മാത്രം.
ഒന്നുമില്ലാത്തവൻ ഉള്ളവനെക്കാൾ ഉയരത്തിൽ തുള്ളിക്കളിക്കുന്ന ഈ സമൂഹത്തിൽ ഒരു ചെപ്പിലെന്നപോലെ ഒളിപ്പിച്ചുവച്ചതു ആ മഹാ മനുഷ്യന്റെ വ്യക്തിപ്രഭാവമായിരുന്ന പൂർവകാലചരിത്രമായിരുന്നു.
ഒരു IRS ഓഫീസറുടെ മകനായി ജനിച്ചു ഏകദേശം മുപ്പതാമത്തെ വയസിൽ ഔദ്യോഗിക ജീവിതമാരഭിച്ച ശ്രീമാൻ അലോക് സാഗർ. RBI ഗവർണറായിരുന്ന ശ്രീ രംഗരാജനെപ്പോലെ സമൂഹത്തിന്റെ ഉന്നതപദിവികൾ അലങ്കരിച്ചിരുന്ന ഒട്ടെറേപ്പേർക് മാർഗ്ഗദര്ശിയായിരുന്ന IIT ഡൽഹിയിലെ പ്രൊഫൊസർ അലോക് സാഗർ.
ഒരവകാശവാദവുമുന്നയിക്കാതെ, ഒരുപരിഭവവുമില്ലാതെ, രാഷ്ട്രനന്മമാത്രം മുന്നിൽകണ്ട് ഒരു പഴയ സൈക്കിളിൽ പ്രകൃതിയുടെ സ്വന്ദേശവുമായിതിരിച്ച ഈ വന്ദ്യ വയോധികന്റെ വാക്കുകളിതാണ്. “ചെറുപ്പത്തിലേ ഞാൻ പ്രകൃതിയെ സ്നേഹിച്ചിരുന്നു.എന്റെ ജീവിതം ഞാൻ ആശിച്ചു തിരഞ്ഞെടുത്തതാണ്, ഞാനതിൽ സംതൃപ്‌തനാണ്. ഈ പ്രകൃതിയിൽ നിന്നും, എന്റെ സമൂഹത്തിൽ നിന്നും, ഞാനനുഭവിച്ചാ സ്വദിച്ചതെല്ലാം ഞാൻ തിരിച്ചു നൽകും. സന്തോഷത്തോടെ.."
എസ്‌കെ. നായർ
ദൂരവാണിനഗർ