ഈ വർഷത്തെ സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരത്തിൽ കവിതാ വിഭാഗത്തിനുള്ള പുരസ്കാരം രമാ പിഷാരടിക്ക് ലഭിച്ചു. ഗൂഡം, വാക്കിലൊതുങ്ങാത്ത മൗനം എന്നീ കൃതികൾ പരിഗണിച്ചാണ് പുരസ്കാരം.
മെയ് 12-ന് മലപ്പുറത്ത് വെച്ചു നടന്ന ഡോ. സുകുമാർ അഴീക്കോടിൻ്റെ തൊണ്ണൂറ്റി എട്ടാമത് ജന്മദിനത്തിൽ വിപുലമായ പരിപാടികളൊടെയുള്ള തത്ത്വമസി’ സാഹിത്യോത്സവത്തിൽ വെച്ച് ശ്രീ പാണക്കാട് സെയ്യദ് സാദിഖലി ശിഹാബ് തങ്ങൾ കവിതാപുരസ്കാരം നൽകി.
ബാംഗ്ലൂർ മലയാളികൾക്കഭിമാനമായ രമാ പിഷാരടി, പ്രശസ്ത കഥകളി നടനായ മാങ്ങാനം രാമപ്പിഷാരടിയുടെയും, അദ്ധ്യാപികയായിരുന്ന കമല പിഷാരസ്യാരുടെയും മകളാണ്. ഇപ്പോൾ ബാംഗ്ളൂരിരിലുള്ള രമാപിഷാരടി 10 കവിതാസമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. ഓ എൻ വി, സുഗതകുമാരി, അക്കിത്തം എന്നീ ഗുരുക്കന്മാരുടെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് മാതാപിതാക്കളുടെ സ്മരണയ്ക്ക് ആദരവർപ്പിച്ച് കവിതയേകിയ അനുഗ്രഹത്തിന് മറുപടിപ്രസംഗത്തിൽ കവിയത്രി നന്ദി പറഞ്ഞു.
മതവും, സാമൂഹ്യസേവനവും, രാഷ്ട്രീയവും സമന്വയിപ്പിച്ചു വന്ന പാണക്കാട് തറവാടിന്റെ പാരമ്പര്യം, ഒപ്പം കേരള രാഷ്ട്രീയത്തിൽ മതസൗഹാർദ്ദത്തിനു നൽകിയ നിസ്തുലമായ സംഭാവനകളും പരിഗണിച്ച് ഈ വർഷത്തെ ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി പുരസ്കാരം പാണക്കാട് തറവാടിനാണ് നൽകിയത്
റിട്ടയർഡ് ജസ്റ്റീസ് കെമാൽ പാഷ (രക്ഷാധികാരി), ടി.ജി. വിജയകുമാർ (ചെയർമാൻ), അയ്മനം ജോൺ, കുരീപ്പുഴ ശ്രീകുമാർ, പ്രൊഫ. ബി. ജയലക്ഷ്മി, ബി. രാമചന്ദ്രൻ നായർ, പ്രസന്നൻ ആനിക്കാട്, ജി. പ്രകാശ്, അനിത കെ.ആർ., ബിജു കുഴിമുള്ളിൽ തത്ത്വമസി സാംസ്കാരിക അക്കാദമിയുടെ 12 പേരടങ്ങുന്ന അഡ്മിൻ പാനൽ എന്നിവർ ചേർന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഡോ. സുകുമാർ അഴീക്കോട് – തത്ത്വമസി പുരസ്കാരം.
ഒപ്പം തത്ത്വമസി ജ്യോതിർഗമയ പുരസ്കാരം എഴുത്തുകാരിയും ചിത്രകാരിയും സാംസ്കാരിക പ്രവർത്തകയുമായ കാർത്തിക ചന്ദ്രനും, തത്ത്വമസി-സാഹിത്യശ്രേഷ്ഠ പുരസ്കാരം കവിയും കഥാകാരിയും ഹൊറർ നോവലിസ്റ്റും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് അംഗവുമായ സിജിത അനിലിനും നൽകി.. ഈ അവാർഡുകളും 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്.
കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം പ്രവാസി എഴുത്തുകാരായ നന്ദിനി മേനോൻ, സുരേഷ് വർമ്മ, മനോ ജേക്കബ് എന്നിവർക്കും വിവിധ വിഭാഗങ്ങളിലുള്ള അവാർഡുകൾ ലഭിച്ചു.
ശ്രീ ടി.ജി. വിജയകുമാർ (ചെയർമാൻ), കെ.എൻ.എ. ഖാദർ, അജിത് കൊളാടി, പ്രഫ. ബി ജയലക്ഷ്മി, എം.ടി. രമേശ്, പ്രൊഫ. എം.പി. മത്തായി, ജേക്കബ് വടക്കൻചേരി, വി.വി. ജോസ് കല്ലട, ബി. രാംചന്ദ്രൻ നായർ, ഉമാദേവി തുരുത്തേരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
കൂൾ ബാംഗ്ലൂർ ന്യൂസ്