ഓണപ്പൂക്കളത്തിന്റെ വർണ്ണരാജികൾ മനസ്സിൽ ആനന്ദമുദ്രകൾ വിരിയിച്ച് തിരുവാതിരകളിക്കാൻ തുടങ്ങുമ്പോഴേക്കും, വിങ്ങുന്ന ഓർമ്മയായി കഴിമ്പ്രം വിജയന്റെ മുഖം കണ്ണിൽ വന്നു നിറയും. 1995-ലെസെപ്റ്റംബർ ആറിനു, തിരുവോണനാളിൽ മലയാളനാടക വേദിയിലെ ഒറ്റയാനായിരുന്ന കഴിമ്പ്രം വിജയൻ ജീവിതനാടകത്തിന്റെ തിരശീലക്കു പിന്നിലേക്ക് എന്നെന്നേക്കുമായി പോയിമറഞ്ഞപ്പോൾ, നാടകവേദിക്കതു താങ്ങാനാവാത്ത വാർത്തയായിരുന്നു, വ്യാഴം രണ്ടുവട്ടം ഭ്രമണം പൂർത്തിയാക്കിയ ഇന്നും ആ നടുക്കത്തിൽനിന്നും മുക്തനാവാനാവുന്നില്ല. തിരുവോണവുമുണ്ട് നാടകം കളിക്കാനായി വീട്ടിൽനിന്നിറങ്ങി സഹപ്രവർത്തകരായ കലാകാരന്മാർ ക്കൊപ്പം നാല്പത്തിയേഴാം നേഷണൽ ഹൈവേയിലൂടെ നാടകവാനിൽ സഞ്ചരിക്കുമ്പോൾ, മരണം വാഹനാ പകടത്തിന്റെ വേഷത്തിൽവന്നു ആ വിലപ്പെട്ടജീവൻ അപഹരിക്കുക യായിരുന്നു. ജ്വലിച്ചുനിന്നിരുന്ന ഒരു നക്ഷത്രം, അപ്രതീക്ഷിതമായി അപ്രത്യക്ഷമാവുമ്പോൾ ആ കൂരിരുട്ടിന്റെ ഭീകരവാഴ്ചയിൽ തകർന്നു പോകുന്നത്, നക്ഷത്രപ്രഭയിൽ പ്രശോഭിച്ചിരുന്ന കുടുംബംമാത്രമല്ല, എത്രയോ കലാകാരന്മാരുടെ ആത്മസമർപ്പണത്തിലൂടെ ആർജ്ജിതമായ കഴിമ്പ്രംതിയറ്റേഴ്‌സ് എന്നബാനറും, അഭിമാനകരമായൊരു ജീവിതോബാധിയുമാണ്. വേറിട്ട നാടകശൈലിയുമായി കേരളീയ നാടക പൂമുഖത്ത് സ്വന്തമായി കസേര വലിച്ചിട്ടിരുന്നുകൊണ്ട് ഒരു മേൽവിലാസമുണ്ടാക്കിയെടുത്ത കഴിമ്പ്രംതിയറ്റേഴ്‌സ് അതോടെ നിശ്ചലമായി. വിജയേട്ടനപ്പോൾ നാൽപ്പത്തേഴു വയസ്സായിരുന്നു... സൂക്ഷ്മമായ രംഗബോധത്തോടെ മാത്രം കഥാപാത്രങ്ങളെ സൃഷ്ടിക്കു കയും അരങ്ങിൽനിന്നു നിഷ്ക്രമിപ്പി ക്കുകയും ചെയ്ത കഴിമ്പ്രം വിജയന്റെ ജീവിതത്തിൽ,സാക്ഷാൽമരണം കടന്നുവന്നത് യാതൊരു രംഗബോധവും പ്രകടിപ്പിക്കാത്ത, നിർദ്ദയനായൊരു കോമാളിയുടെ ഭാവത്തിലാണ്; ഒരു കഴിഞ്ചിനു പോലും ഔചിത്യമില്ലാത്ത ക്രൂരമായ വിധി... "ഓണം" എന്ന (പൂക്കാലം എന്നപേരിലും ഇത് കളിച്ചിരുന്നു) നാടകമായിരിക്കണം വിജയേട്ടൻ ഏറ്റവുമധികം രംഗത്തവതരിപ്പിച്ചത്, അറം പറ്റിയത് പോലെ ഓണനാളിൽ തന്നെ ആ ദുരന്തവുമുണ്ടായി.. കഴിമ്പ്രംവിജയന്റെ അച്ഛൻ വാലിപ്പറമ്പിൽ സുകുമാരൻമാഷും, അദ്ദേഹത്തിന്റെ അച്ഛനും നടകത്തോട് രക്തബന്ധമുള്ളവരായിരുന്നു. ആ പൈതൃകം തന്നെയാണ് കഴിമ്പ്രം വിജയനെയും അരങ്ങിലേക്കെത്തിച്ചത്. ആലങ്കാരികമായി, അരങ്ങിലാണ് പിറന്നു വീണതെന്നു പറയാം. ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിലെ പഠനകാലത്തു തന്നെ കഴിമ്പ്രം വിജയൻ, നാടകംജീവിതമാക്കാൻ തുടങ്ങിയിരുന്നു. അരങ്ങിന്റെ സംഘർഷങ്ങളെ നെഞ്ചിലേറ്റിയ ആ മനസ്സിൽ, അക്കാഡമിക് വിഷയങ്ങൾക്ക് അധികമൊന്നും ഇടമുണ്ടായില്ല. അറുപതുകളുടെ അന്ത്യവർഷങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസംപൂർത്തി യാകുമ്പോൾ തന്നെ ഒരുതൊഴിൽ ഏതെന്നു തീരുമാനിക്കേണ്ടുന്ന സന്ദർഭം വന്നപ്പോൾ യാതൊരാലോചനയും കൂടാതെ തന്റെവഴിനാടകമാണെന്നു വിജയേട്ടൻ തിരിച്ചറിഞ്ഞിരുന്നു. നാടകത്തിൽ ജനിച്ചു, നാടകത്തിൽ വളർന്നു, നാടകത്തിൽ തന്നെ ജീവനും സമർപ്പിക്കപ്പെട്ട നാട്ടികമണപ്പുറത്തിനു മറക്കാനാവാത്ത നടകകാരനാണ് കഴിമ്പ്രം വിജയൻ.... കെ.എസ്.കെ തളിക്കുളത്തിന്റെ "അമ്മുവിന്റെആട്ടിൻകുട്ടി"അടക്കംഏതാനുംനാടകങ്ങൾ മണപ്പുറത്തിന്റെ അരങ്ങുകളെ സജീവമാക്കിയ ഒരു ചരിത്ര മുണ്ട് നമുക്ക് . മണപ്പുറം കലാസമിതി എന്ന പേരിലാണ് ആ സമിതി അറിയപ്പെട്ടത്. നടനും സാംസ്കാരിക നായകനും സിനിമാ നിർമ്മാതാവു മായിരുന്ന ഡി എം പൊറ്റെക്കാട്ട്, സിനിമാസംവിധായകൻ രാമുകാര്യാട്ട് മുതലായവർ ഈ കലാസമിതിയിലൂടെയാണ് മണപ്പുറത്തിന്റെ അരങ്ങുകൾ ചലനാത്മകമാക്കിയത്. അവർ നിഷ്ക്രമിച്ചതോടെ, കഴിമ്പ്രംവിജയൻ ഒരു കാറ്റായി കടന്നുവരുന്നത് വരെ ഗണ്യമായ നാടകസംരഭങ്ങളൊന്നും തന്നെ ഉണ്ടായില്ല എന്ന് പറയാം. ആ ഒഴിവാണ് കഴിമ്പ്രം വിജയൻ നികത്തിയത്. ശാസ്ത്രീയമായി നാടകം പഠിച്ചു നടകവേദിയിലേക്കു വരുന്ന പതിവൊന്നുമായിട്ടില്ലാത്ത കാലം. എന്നാൽ, നാടകകല ശാസ്ത്രീയമായി അഭ്യസിച്ചു തന്നെയാണ് പ്രൊഫെ ഷണൽ നടകരംഗത്തേക്കുള്ള വിജയേ ട്ടന്റെ രംഗപ്രവേശം, അഥവാ നാടകത്തിനു മുമ്പുള്ള റിഹേഴ്സലായിരുന്നു, തൃശൂർ സംഗീത നാടക അക്കാദമിയിലെ നാടകക്കളരി. പ്രൊഫ.ജി.ശങ്കരപിള്ളയുടെ സാരഥ്യത്തിൽ ആരംഭിച്ച "നാടകക്കളരി" യിൽ അഭിനയം, രംഗാവതരണം മുതലായ സമസ്ത മേഖലകളിലെ അറിവും,അഭിനയശേഷിയുംപരീക്ഷക്കപ്പെട്ട ഇന്റർവ്യൂവലൂടെയാണ് വിജയേട്ടൻ പ്രവേശനം നേടിയത്. ഇന്ത്യൻ നാടകവേദി, നാട്യപൈതൃകം, തൗരിത്രികം,"തനതു നാടകവേദി" പാശ്ചാത്യരുടെ അബ്‌സേർഡ് ഡ്രാമ, നാടക കലയുടെ നാനാർത്ഥങ്ങളും കളരിയിൽ വെച്ച് തന്നെപയറ്റി ത്തെളിഞ്ഞു .. നടനും നാടകകൃത്തുമായ പ്രേംജിയുടെ മകൻ പ്രേമചന്ദ്രൻ ( കെ പി എ സി ) മാള അരവിന്ദൻ, ജോസഫ് വട്ടോളി എന്നിവർ നടകക്കളരിയിൽ ആ ബാച്ചിൽ വിജയേട്ടനോടൊപ്പം ചേർന്നുപഠിച്ചിരുന്നു. ആ നാടക പാഠശാല യുടെ വികസിതരൂപമാണ് കോഴിക്കോട് യൂണിവേർസിറ്റി പിന്നീട് തൃശൂരിൽ ആരംഭിച്ച സ്‌കൂൾ ഓഫ് ഡ്രാമ. ഒരു വർഷത്തെ കളരിയഭ്യാസം പൂർത്തിയാക്കി പുറത്തുകടന്നിട്ട് എഴുപതുകളുടെമധ്യത്തിലാണ്, കഴിമ്പ്രംവിജയൻ രചനയും സംവിധാനവും നിർവഹിച്ചു, കഴിമ്പ്രംതീയേറ്റർസിന്റെ ബാനറിൽ ദ്വീപ് എന്ന ആദ്യ പ്രൊഫെഷണൽ നാടകം, വലപ്പാട്ഭാവനയിൽ ഉൽഘാടനക്കളി കളിച്ചതു. പ്രേമചന്ദ്രൻ, എൻ ജി ഉണ്ണികൃഷ്ണൻ, മനോമോഹനൻ, ഇ. എ. രാജേന്ദ്രൻ (കാളിദാസ കലാകേന്ദ്രം) എൻ ബി വിന്ധ്യൻ (സിനിമാനിർമാ താവ്-അന്തരിച്ചു ) പിന്നെ പ്രശസ്തരായ കലാകാരന്മാരുടെ അഭിനയ ത്തിളക്കമായിരുന്നു രംഗത്തു. പ്രേമചന്ദ്രനും മാളഅരവിന്ദനും ഇ. എ രാജേന്ദ്രനും ആ നാടകത്തിന്റെ അനുഭവസമ്പത്തുമായിട്ടാണ് അഭിനയ ത്തിന്റെ ഉയരങ്ങളിലേക്ക് നടന്നു കയറിയത്. പിന്നീട്, ഓരോ വർഷവും ഓരോ നാടകവുമായി കഴിമ്പ്രം തിയറ്റേഴ്‌സ് ജൈത്രയാത്രയായിരുന്നു. ഓണം, ഉത്സവം, വൽക്കലം, അനീശ്വരം, ബ്രിട്ടീഷന്ത്യ, മൂത്താര് നാലു, പാക്കനാർ, കുതിരപ്പന്തി, നാറാണത്ത് ഭ്രാന്തൻ,അമ്പറ...ഇരുപത്തഞ്ചു നാടകങ്ങളും അതിൽ പകുതിയോളം ഏകാങ്കങ്ങളുമെഴുതി കാൽനൂറ്റാണ്ട് കാലം നാടകവേദിയിൽ ശക്തമായ സാന്നിധ്യമായി നില കൊണ്ടു.... നവോദ്ധാനത്തിൻറെ പുരോഗമന നാൽക്കവലകളിലൂടെ ചരിത്രരഥം ഉരുണ്ടുപോയിട്ടും, കപട്യത്തിന്റെ പൊന്നാട പൊതിഞ്ഞ അന്തസ്സും ആഭിജാത്യവും വരേണ്യജാതിബോധവും ഉപേക്ഷിച്ചു, തരിശു കിടക്കുന്ന ഭൂമിയിലേക്ക് തൂമ്പയുമായി പോകുന്നതാണ് ഓണാഘോഷത്തിന്റെ കാലിക പ്രസക്തിയെന്നു ഉദ്ബോധിപ്പിക്കുന്ന കരുത്തുറ്റ പ്രമേയവും ഇതിവൃത്തവുമായിരുന്നു, " ഓണം" എന്ന നാടകത്തിനു. 1985-ൽ എം. ടി വാസുദേവൻ നായർ " രണ്ടാമൂഴം" രചിക്കുന്നതിനും മുമ്പ്, മഹാഭാരതത്തിലെ ഏടുകൾ ചീന്തിയെടുത്തു നാടകമാക്കിയതാണ്, "അമ്പറ"..ചരിത്രത്തിന്റെ ഓരോഇടുങ്ങിയ ഇടവഴിയിലും, ദളിതനായ ഏകലവ്യന്റെ പെരുവിരൽ അറുത്തെടുത്തതു പോലുള്ള സവർണ്ണ ന്റെ ചതിയുടെ വിഷാദഗാനങ്ങളാണ് പാടിക്കേൾക്കുന്നതെന്നും വരേണ്യാധികാരമെന്നും ചതിയമ്പുകൾ കരുതിവെക്കുന്ന അമ്പറകളാ ണെന്നും,അടിസ്ഥാനവർഗ്ഗം അത് തിരിച്ചറിയണമെന്നുള്ള ഉദ്ബോധന മാണ് അമ്പറ എന്ന വിഖ്യാതമായ നാടകം. പാവപ്പെട്ടവന്റെയും പെണ്ണിന്റെയും നെഞ്ചിലൂടെ സാഘോഷം നടത്തുന്ന അശ്വമേധയാഗങ്ങൾക്കായി ഒരുക്കുന്ന കുതിരപ്പന്തികളാണ് അധികാരത്തിന്റെ ശക്തികേന്ദ്രങ്ങളെന്നും അതിനെ തിരെയുള്ള പോരാട്ടമാണ് ആത്യന്തികമായി മനുഷ്യൻ നടത്തുന്ന തെന്നുമാണ് "കുതിരപ്പന്തി" യുടെ പ്രമേയം. വരരുചിയുടെ പെണ്ണ്, പറയിപെറ്റ പന്തീരുകുലത്തിന്റെ നേര് തേടുന്ന യാത്രകളായിരുന്നു പിന്നീടെഴുതിയ മൂന്നു നാടകങ്ങളും-നാറാണത്തു ഭ്രാന്തൻ, പാക്കനാര്, പാണനാര് .. പൊങ്ങച്ചങ്ങളുടെ പളപളപ്പിൽ കമ്പോളനാടകം പുളക്കുമ്പോഴും, ചലച്ചിത്രത്തിന്റെ പ്രലോഭനങ്ങൾ കണ്ണിറുക്കിക്കാണിക്കുമ്പോഴും, നിയന്ത്രണ രേഖകളിലൂടെ അധികാരകേന്ദ്രങ്ങൾ മീശപിരിക്കു മ്പോഴും, അടിപതറാതെ നാടക വേദിയിലുറച്ചു നിന്ന കലാകാരനാണ് കഴിമ്പ്രം വിജയൻ. കുതിരപ്പന്തിയാണ് സംസ്ഥാനസർക്കാർ പ്രൊഫെഷണൽ അവാർഡ് കൊടുത്ത നാടകം. പ്രൊഫെഷണൽ നാടക മൽസരത്തിൽ നിന്നും ആദരമായി ലഭിച്ച മികച്ച സംവിധായകൻ, മികച്ച രണ്ടാമത്തെ നാടകം എന്നീ അവാർഡുകൾ കഴിമ്പ്രംവിജയനെ രംഗത്തു കൂടുതൽ ശ്രദ്ധേയ നാക്കി.. പ്രൊഫ. കെ യു അരുണൻ എഴുതി, എടത്തിരുത്തി സർദാർ തിയറ്റേഴ്‌സ് അവതരിപ്പിച്ച "ചരിത്രത്തിന്റെചിരി" എന്ന നാടകം സംവിധാനം ചെയ്തത് കഴിമ്പ്രം വിജയനായിരുന്നു. കേരളസംഗീതനാടക അക്കാദമി സംഘടിപ്പിച്ച നാടക മത്സരത്തിൽ ഒന്നാം സ്ഥാനം വരെയെത്തുവാൻ ആ നാടകത്തിനു കഴിഞ്ഞു. മികച്ചനാടകം, നടൻ, നടി, സംവിധായകൻ എന്നീ അവാർഡു കൾക്കായി തെരഞ്ഞെടുത്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അക്കാഡമി സമ്മാനം കൊടുത്തില്ല. പ്രശസ്ത നടകകാരനായിരുന്ന വൈക്കംചന്ദ്രശേഖരൻ നായരായിരുന്നു അന്ന് അക്കാഡമി സെക്രെട്ടറി. വിവരണാതീതമായ നിരവധി പ്രശ്നങ്ങളുടെ സങ്കീർണ്ണതകൾ അഭിമുഖീകരിച്ചു കൊണ്ടാണ് ഓരോ നാടകവും വിജയേട്ടൻ പുറത്തിറക്കിയത്. നാടകം കൊണ്ട് ജീവിതം സുഗമമായി മുന്നോട്ട് കൊണ്ട് പോകാം എന്ന അവസ്ഥയിലേക്ക് എത്താൻ ഈ മനുഷ്യൻ അനുഭവിച്ച യാതനകൾ അധികമാരും അനുഭവിച്ചിരിക്കാൻ സാധ്യതയില്ല... കഴിമ്പ്രംതിയ്യറ്റെഴ്സിൽ അഭിനയിച്ചു കലയുടെ ഉന്നത ശിഖിരങ്ങളിൽ വിഹരിക്കുന്ന എത്രയോ കലാകാരന്മാർ നമുക്കുണ്ട്... അവരിൽ പ്രമുഖരാണ് (അന്തരിച്ച) പ്രേമചന്ദൻ, ഈ എ രാജേന്ദ്രൻ, എൻ ജി ഉണ്ണികൃഷ്ണൻ, (അന്തരിച്ച) മാള, ലിഷോയ്, രാധാമണി, എളങ്കുന്നപ്പുഴ ആന്റണി, കൊടുങ്ങല്ലൂർ കൃഷ്ണൻ കുട്ടി, മനോമോഹനൻ, കലാലയം രാധ, തൃശൂർ എൽസി, ശീതൾ, തൃശൂർ വിശ്വൻ, സിദ്ധരാജ് മുതലായവർ…ഈ ലിസ്റ്റ് അപൂർണ്ണമാണ്, ഇനിയുമെത്രയോ പേരുണ്ട്. മണപ്പുറത്തിന്റെ മണൽതരികളെ പുളകംകൊള്ളിച്ച ഈ നാടകങ്ങൾ കേരളത്തില ങ്ങോളമിങ്ങോളവും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രശസ്തമായി, അവിടങ്ങളിലും അരങ്ങേറി... മണപ്പുറത്തെ കടലോരഗ്രാമങ്ങളിൽ നിന്നും എൺപതുകളിലും തുടർന്നും നടകവേദിയിലേക്കു യുവാക്കൾ സാവേശം കടന്നുവന്നത് കഴിമ്പ്രം വിജയൻ എന്ന നാടകകാരൻ ഉണർത്തിയെടുത്ത നടകാവബോധ ത്തിന്റെ പ്രകമ്പനമായിരുന്നു. മനുഷ്യരൂപം മതി, ഈ സംവിധായകന്റെ കൈകളി ലൂടെ കടന്നുപോയാൽ അയാൾ നടനായി/നടിയായി പരിവർത്തിക്ക പ്പെടുന്ന മാസ്മരമായ സംവിധാന പ്രതിഭയായിരുന്നു കഴിമ്പ്രംവിജയൻ. ആസ്വാദക ഹൃദയങ്ങളിൽ നടനായും നാടകകൃത്തായും സംവിധായക നായും നിർമ്മാതാവായും അരങ്ങിലെ തിരയിളക്കമായി വിജയേട്ടൻ തിളങ്ങിനിൽക്കും.... ഞാനടക്കമുള്ള എത്രയോ സാധാരണ ക്കാരെ രംഗബോധം പകർന്നു നൽകി നടനാക്കി മാറ്റുകയും, ചിലപ്പോഴെല്ലാം മികച്ച നടനായി തെരഞ്ഞെടുക്ക പ്പെടുകയും ചെയ്തത്, വിജയേട്ടന്റെ പാത്രസൃഷ്ടിയിലൂടെയാണ്,ആ നാടകഗുരുവിന്റെ മുന്നിൽ നമ്രശിരസ്കനായി ആദരാഞ്ജലികൾ ആർപ്പിക്കുന്നു... ( എടത്തിരുത്തി സർദാർ തിയ്യറ്റെർസ് അവതരിപ്പിച്ച " ചരിത്രത്തിന്റ് ചിരി" എന്ന നാടകത്തിലെ ആര്ടിസ്റ്റുകളോടൊ പ്പമുള്ള പടം താഴെ. അരുനേട്ടൻ നേതൃത്വം കൊടുത്ത ആ സമിതിയിൽ കെ ആർ ജൈത്രൻ, കെ എസ് സലിൽ, തിലകൻ പൈനാട്ട്, കെ യു. അനിൽ, ആന്റോ, ഡേവീസ്, നിർമൽ കുമാർ, ജെസ്സി, പിന്നെ ഈയുള്ളവനും ആണ് അരുനേട്ടനോടും വിജയേട്ടനോടും ഒപ്പം ഉള്ള പടത്തിൽ)