• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
November 01, 2024

ഡോക്ടർ ടി കെ ജയകുമാറിന് 2024 ലെ കേരളശ്രീ പുരസ്‌കാരം.

മനുഷ്യഹൃദയത്തെ റിപ്പയര്‍ ചെയ്യുന്ന ദൈവത്തിന്റെ വിരലുകളുള്ള ഒരാള്‍..!

കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരളശ്രീ പുരസ്‍കാരം  (ആരോഗ്യം) കോട്ടയം മെഡിക്കൽ കോളേജ് പ്രോഫസ്സറും, കാർഡിയോളജി ഡിപ്പാർട്ടമെന്റ്  ഹെഡും, മെഡിക്കൽ     സൂപ്പറിന്റെണ്ടെന്റുമായ ഡോക്ടർ ടി. കെ ജയകുമാറിന്.

ഡോക്ടർ ടി കെ ജയകുമാറിനെ അടുത്തറിയുക. മാതൃഭൂമി, 22 April 2020

ഒരു സാധാരണ ഡോക്ടറായി ജീവിച്ചുതീരുമായിരുന്ന ഒരാളെ ഇത്ര ജനകീയനാക്കിമാറ്റിയത് ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തമാണ്

വർഷത്തിൽ രണ്ടായിരത്തിലധികം പേർ തങ്ങളുടെ ഹൃദയം റിപ്പയർ ചെയ്യാൻ സമർപ്പിക്കുന്ന ഒരാൾ. മസ്തിഷ്കമരണം സംഭവിച്ച ആളിൽനിന്ന് ജീവനുള്ള ഹൃദയം എടുത്തുമാറ്റി മറ്റൊരാളിൽ നട്ടുപിടിപ്പിക്കുന്ന കൈപ്പുണ്യം. മിടിക്കുന്ന ആറ് ഹൃദയങ്ങളാണ് ഈ കൈകൾ തുന്നിപ്പിടിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടുകൂടിയായ പ്രശസ്ത ഹൃദ്രോഗവിദഗ്ധൻ ഡോ. ടി.കെ. ജയകുമാന്റെ പാദംതൊട്ട് നെറുകയിൽവച്ച് യാത്ര പറയുന്ന ആയിരങ്ങൾക്കിത് ദൈവത്തിന്റെ കൈവിരലുകളുള്ള ഡോക്ടറാണ്.

സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടറെന്ന പുരസ്കാരം 2017-ൽ തേടി വന്നപ്പോൾ ഏറെയും ആഹ്ളാദിച്ചത് താൻ ചികിത്സിച്ച് ജീവിതം മടക്കി നൽകിയ ആയിരക്കണക്കിന് രോഗികളായിരുന്നു. ദിവസം 45 മിനുട്ടുമാത്രമാണ് ഈ ഡോക്ടർ വീട്ടിൽ ചെലവിടുന്നത്... ആരോഗ്യത്തിന് ശരാശരി എട്ടു മണിക്കൂറെങ്കിലും ദിവസവും ഉറങ്ങണം എന്ന് രോഗികളോട് നിർദേശിക്കുന്ന ഡോക്ടർക്ക് രണ്ടോ മൂന്നോ മണിക്കൂർ മാത്രം ഉറക്കം. ബാക്കി സമയം മുഴുവൻ ശസ്ത്രക്രിയാ മുറിയിലോ രോഗികൾക്ക് നടുവിലോ കാണാം. ദിവസം പതിനഞ്ചിലധികം മേജർ ശസ്ത്രക്രിയകൾ ചെയ്യുന്നു. പുലരാറാവുമ്പോഴും ചില ദിവസങ്ങളിൽ ശസ്ത്രക്രിയാമുറിയിലായിരിക്കും. അവസാനത്തെ ശസ്ത്രക്രിയയും പൂർത്തിയാക്കി നന്നേ ക്ഷീണിതനായി സൂപ്രണ്ടിന്റെ റൂമിലെ സെറ്റിയിൽ കിടന്ന് ഒരു മയക്കം. പുലർച്ചെ നാലുമണിക്ക് എണീറ്റ് മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്ന നിലയിലുള്ള ഫയലുകൾ നോക്കി ജോലി ഒതുക്കി ആറരയോടെ വീട്ടിലേക്ക്. പ്രഭാതകൃത്യങ്ങൾ തീർത്ത് 20 മിനുട്ട് യോഗയും ചെയ്ത് പ്രാതൽ. മിക്കദിവസവും ഈ ഒരുനേരത്തെ ഭക്ഷണം മാത്രമാണ് സ്വന്തം വീട്ടിൽ കഴിക്കുന്നത്. പിന്നെ ആസ്പത്രിയിലേക്ക് മടക്കം. അപ്പോഴേക്കും ശസ്ത്രക്രിയ മുറിയിൽ നിരവധി ഹൃദ്രോഗികൾ അദ്ദേഹത്തിന്റെ വരവു കാത്തുകിടക്കുന്നുണ്ടാവും. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന രോഗികൾ പലരും മടക്കയാത്രയ്ക്ക് ബസ്സുകൂലിപോലും ഇല്ലാത്തവരാണെന്ന് മനസ്സിലായാൽ സ്വന്തം കാറിൽ ഡ്രൈവറെ കൂട്ടി വീട്ടിലെത്തിക്കുന്നൊരാൾ. ശസ്ത്രക്രിയയ്ക്ക് ശേഷം ദൈനംദിന ജീവിതത്തിന് വേണ്ട ചെലവുകൾക്കുപോലും കഷ്ടപ്പെടുന്നവരെ അലിവുള്ളവർക്കരികിലെത്തിക്കുന്ന കാരുണ്യം.

കൊറോണക്കാലത്ത് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായ കോവിഡ് രോഗികൾക്കായി സമയം മുഴുവൻ നീക്കിവെച്ചു. ഏറ്റവും മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കി. അവസാനത്തെ രോഗിയെയും ജീവിതത്തിലേക്ക് യാത്രയാക്കിയിട്ട് മടങ്ങിയത് നേരെ കാത്തിരിക്കുന്ന രോഗികൾക്കരികിലേക്ക്.

ഒരു സാധാരണ ഡോക്ടറായി ജീവിച്ചുതീരുമായിരുന്ന ഒരാളെ ഇത്ര ജനകീയനാക്കിമാറ്റിയത് ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തമാണ്. നന്മയുടെയും, അലിവിന്റെയും വർഷങ്ങൾക്കിപ്പുറത്തും വേദനയോടെ ഡോ.ജയകുമാർ ഓർമിക്കുന്ന ദിനം.

ആ ദിവസമാണ് അദ്ദേഹം അച്ഛനായത്. കോട്ടയം മെഡിക്കൽ കോളേജിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കുഞ്ഞ് പിറന്നത്, 19 വർഷം മുമ്പ്. മിടുക്കനായ ഒരു ആൺകുഞ്ഞ്. കുഞ്ഞിനെ കൺനിറയെ കാണുമ്പോഴേക്കും വിദഗ്ധ ഡോക്ടർമാർ കണ്ടെത്തി, കുഞ്ഞിന് ശ്വാസകോശസംബന്ധമായ ഗുരുതരരോഗമുണ്ടെന്ന്.. ആകെ തളർന്നുപോയ നിമിഷം. കുഞ്ഞിനെ രക്ഷിക്കണമെങ്കിൽ എത്രയും വേഗം എറണാകുളത്ത് പി.വി.എസ്. ആസ്പത്രിയിൽ എത്തിക്കണം, അതും 24 മണിക്കൂറിനുള്ളിൽ. അന്ന് എല്ലാ സൗകര്യവുമുള്ള ആംബുലൻസില്ല. ചികിത്സയ്ക്ക് ഒന്നര ലക്ഷം രൂപ വരെ ചിലവാകും. കോട്ടയം മെഡിക്കൽകോളേജിൽ ഡോക്ടർ ജയകുമാർ ജോലിചെയ്യുന്ന സമയവുമാണ്. എന്നിട്ടും അത്രയും പണം കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അവന്റെ ചലനമറ്റ പിഞ്ചുമുഖത്തേക്കുനോക്കി കണ്ണീരിന്റെ നനവോടെ ഡോ. ജയകുമാർ അന്നൊരു തീരുമാനമെടുത്തു.

അത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

''ഒരു സാധാരണക്കാരന്റെ കഠിനമായ മാനസിക വ്യഥ എനിക്കന്ന് മനസ്സിലായി. എന്റെ കുഞ്ഞിനെ രക്ഷിക്കാൻ എനിക്കായില്ല. അവന്റെ കുരുന്നു മുഖത്തേക്കു നോക്കി ഞാനൊരു തീരുമാനമെടുത്തു, ഇനിയുള്ള ജീവിതം സാധാരണക്കാരും സാധുക്കളുമായ രോഗികൾക്കു വേണ്ടി മാത്രമാണ്. എന്റെ അടുത്തുവരുന്ന ഒരാളും പണമില്ലാത്തതിനാൽ കണ്ണീരോടെ മടങ്ങരുത്. ആവുന്നവിധം അവർക്കായി എന്തെങ്കിലും ചെയ്യണം.''

അവിടെനിന്നു തുടങ്ങുന്നു മറ്റുള്ളവർക്കായി ഉഴിഞ്ഞുവച്ച അദ്ദേഹത്തിന്റെ മെഡിക്കൽ ജീവിതം. തുടർന്ന് ഹൃദയമാറ്റ ശസ്ത്രക്രിയയിൽ മാസ്റ്റർ ബിരുദവും ദേശീയ കാർഡിയോതൊറാസിക് ബോർഡ് പരീക്ഷയിൽ വിജയവും നേടി. അതിനു ശേഷമാണ് ഹൃദ്രോഗ ചികിത്സാരംഗത്ത് മുഴുവൻ ശ്രദ്ധയും അർപ്പിച്ച് പ്രവർത്തിച്ചു തുടങ്ങിയത്. ഇപ്പോൾ ദിവസവും മുൻകൂട്ടി നിശ്ചയിച്ച ഹൃദയ, ശ്വാസകോശ ശസ്ത്രക്രിയകളും വാൽവ് മാറ്റിവയ്ക്കൽ സർജറിയും അഞ്ച് അടിയന്തര ശസ്ത്രക്രിയകളും നടക്കുന്നു.

14 വർഷം മുമ്പാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയരോഗവിഭാഗം മേധാവിയാകുന്നത്. 'സ്വകാര്യ ആസ്പത്രിയിലെ ചികിത്സാചെലവ് താങ്ങാൻ കഴിയാത്തതിനാൽ മെഡിക്കൽ കോളേജിലെ സർക്കാർ സംവിധാനത്തെ ആശ്രയിക്കുന്നവർ ഏറെയും സാധുക്കളും സാധാരണക്കാരും ആണല്ലോ. കൃത്യസമയത്തെ ചികിത്സ ഒരാളെ മാത്രമല്ല ഒരു കുടുംബത്തെ മുഴുവനുമാണ് രക്ഷപ്പെടുത്തുക.പുറത്ത് 15-20 ലക്ഷം വരെ ചെലവു വരുന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇവിടെ മൂന്നു ലക്ഷം രൂപയോളമേ വരുന്നുള്ളൂ'' ഡോക്ടർ പറഞ്ഞു.

മിടിക്കുന്ന ഹൃദയം കൈയ്യിലേറ്റു വാങ്ങുമ്പോൾ

ഒരിടത്ത് പ്രതീക്ഷ, അപ്പുറത്ത് വിലാപം. അത്തരം ഘട്ടങ്ങളെ ആറു തവണ നേരിട്ട ആളാണ് ഡോ. ജയകുമാർ. രോഗിക്ക് എല്ലാ ചികിത്സാ സംവിധാനങ്ങളും പരാജയപ്പെട്ടുകഴിയുമ്പോഴാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കുക. പലപ്പോഴും അതെളുപ്പവുമല്ല. രോഗിക്കു ചേരുന്ന ഹൃദയം നിശ്ചിത സമയത്തിനുള്ളിൽ കിട്ടണം. മസ്തിഷ്കമരണം സംഭവിച്ച ആളിൽനിന്നാണ് ഹൃദയം എടുക്കുക.

''മരണത്തിനും ജീവനും ഇടയിൽക്കൂടിയാണ് അത്തരം ഘട്ടങ്ങളിൽ ഒരു ഡോക്ടർ സഞ്ചരിക്കുന്നത്. ഒരു വശത്ത് ഈ ജീവിതത്തിൽനിന്ന് മാഞ്ഞുപോകുന്ന ഒരാൾ... മറുവശത്ത് ജീവനുവേണ്ടി ആർത്തിയോടെ കാത്തിരിക്കുന്ന രോഗി. ഇരു കുടുംബത്തിൽപ്പെട്ടവരും പ്രിയപ്പെട്ടവരുടെ പ്രാണനുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കയാണ്. തന്റെ രോഗി എത്ര ഗുരുതരമായ അവസ്ഥയിലായാലും എവിടെങ്കിലും ഒരു മസ്തിഷ്ക മരണം നടന്നുകിട്ടാൻ ഒരു ഡോക്ടറും പ്രാർത്ഥിക്കില്ല. ഓരോ ജീവനും ഒരു കുടുംബത്തിന്റെ വെളിച്ചമാണ്. ഒരിടത്ത് പ്രകാശം പരക്കാൻ മറ്റൊരിടത്തെ വെളിച്ചം ഊതിക്കെടുത്താൻ എങ്ങനെ പ്രാർത്ഥിക്കാനാവും.'' ഡോക്ടർ പറഞ്ഞു.

മസ്തിഷ്കമരണം സംഭവിച്ച ആളെ പരിശോധിച്ച് തന്റെ രോഗിയ്ക്ക് ചേരുന്ന ഹൃദയമാണെന്ന് ഉറപ്പാക്കുന്ന നിമിഷം, കഠിനമായ സമ്മർദം നൽകുന്ന നിമിഷങ്ങളാണെന്ന് ഡോക്ടർ ജയകുമാർ പറയുന്നു. തൊട്ടുമുമ്പുവരെ ഓടിനടന്ന ഒരാളുടെ ഹൃദയമാണ് ശരീരത്തിൽനിന്ന് വേർപെടുത്തി മറ്റൊരാളിൽ നട്ടുപിടിപ്പിക്കേണ്ടത്. വേർപാടിന്റെ വേദനയ്ക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ മറ്റുപലർക്കും ജീവിതം നൽകട്ടെയെന്ന് തീരുമാനിക്കുന്ന പ്രകാശം പരത്തുന്ന ജീവിതങ്ങളെ ഡോക്ടർ തൊട്ടടുത്തു കാണുന്നു. ദാതാവിന്റെ വിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണ് വിദേശരാജ്യങ്ങളിലെ നിയമം. പക്ഷേ ഇന്ത്യയിൽ അതൊന്നും പാലിക്കാറില്ല. ദാനം ചെയ്ത ആളിന്റെ ബന്ധുക്കളും സ്വീകരിച്ചയാളും പരസ്പരം കാണുകയും വികാരങ്ങൾ കൈമാറുകയും ചെയ്യുന്നു.

ഹൃദയത്തെ വേർപെടുത്തി മറ്റൊരാളിൽ നട്ടുപിടിക്കുമ്പോൾ മനസ്സ് പ്രാർത്ഥനാഭരിതമാണ്. വെറുമൊരു ഹൃദയമല്ല, ഒരു ജീവിതമാണ് താൻ തുന്നിപ്പിടിപ്പിക്കുന്നത്. അത് പുതിയ ആളിൽ സ്വയം സജ്ജമാകാനുണ്ട്. അതിന്റെ തണലിൽ ജീവിക്കാൻ കാത്തിരിക്കുന്ന കുടുംബമുണ്ട്. ഒരു പ്രാർത്ഥനപോലെയാണ് ഒരോ ശസ്ത്രക്രിയയും അദ്ദേഹത്തിന്.

ശിവഭക്തനാണ് ഡോക്ടർ ജയകുമാർ, പക്ഷേ ക്ഷേത്രത്തിലൊന്നും പോകാൻ നേരം കിട്ടാറില്ല. ഏറ്റവും അടുത്ത വഴികാട്ടി, വർഷങ്ങളായി ആത്മബന്ധമുള്ള ശ്രീ എം. ആണ്. അദ്ദേഹം കോട്ടയത്ത് വരുമ്പോൾ പാർക്കുന്നത് ഡോ. ജയകുമാറിനൊപ്പമാണ്. ഭാര്യ ഡോ. എം. ലക്ഷ്മി കോട്ടയം മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക്ക് സർജറി വിഭാഗം മേധാവിയാണ്. ആയിരക്കണക്കിന് ഹൃദ്രോഗികൾക്ക് ആശ്വാസം പകരുന്ന ജീവിതപങ്കാളിയെ രോഗികൾക്ക് പൂർണമായും വിട്ടുനൽകി വീട്ടിലെയും മക്കളുടെയും ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്ത ഭാര്യയാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ഡോക്ടർ. രണ്ടു മക്കൾ. മകൾ ചിൻമയി മകൻ ചിദാനന്ദ്.

# ജോളി അടിമത്ര – മാതൃഭൂമി, 22 April 2020

Cool Bangalore News

 

footer
Top