25 ആഗസ്റ്റ് 2024 ബാംഗ്ലൂർ 16, വിജനപുരയിലെ ജൂബിലി സ്കൂളിൽ
---വിഷ്ണുമംഗലം കുമാർ
സപ്തവർണ്ണങ്ങളിൽ പരിലസിച്ച സർഗ്ഗസംഗമ സപ്തതി
അരനൂറ്റാണ്ടുകാലമായി ബംഗളുരുവിലെ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമാണ് എഴുത്തുകാരൻ കൂടിയായ എസ് കെ നായർ. ദൂരവാണി നഗർ മേഖല കേന്ദ്രീകരിച്ചാണ് പ്രധാനമായും അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഇന്നലെ അദ്ദേഹത്തിന്റെ സപ്തതിയായിരുന്നു. ആ സപ്തതിയാകട്ടെ വ്യക്തി കേന്ദ്രീകൃത ജന്മദിനാഘോഷം എന്ന പതിവുരീതി ഉപേക്ഷിച്ച് എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും സർഗ്ഗ സംഗമമാക്കി മാറ്റിയത് അദ്ദേഹം തന്നെയാണ്. അതാകട്ടെ നഗരത്തിലെ സാംസ്‌കാരിക വേദിയ്ക്ക് അവിസ് മരണീയമായ ഒരപൂർവ്വ അനുഭവമായിതീരുകയും ചെയ്തു… സർഗ്ഗ സംഗമം
വിഘടിച്ചും വൃഥാ കലഹിച്ചും കഴിഞ്ഞിരുന്ന അറുപതോളം എഴുത്തുകാരും കലാകാരൻമാരുമാണ് എസ് കെ ഒരുക്കിയ സഹൃദയവേദി യിൽ ഒത്തുചേർന്നത്. ആലങ്കോട് ലീലാകൃഷ്ണൻ, സുകുമാരൻ പെരിയച്ചൂർ, സുധാകരൻ രാമന്തളി, സുരേഷ് മണ്ണാറശാല, കെ കെ ജി, കെ ആർ കിഷോർ എന്നിവരോടൊപ്പം മുരളീധരൻ നായർ, പി ദിവാകരൻ, പീറ്റർ ജോർജ്ജ് എന്നിവരും വേദിയിൽ അണിനിരന്നു. സദസ്സും അതുപോലെ പ്രൗഡഗംഭീരമായിരുന്നു. സദസ്സു നിറഞ്ഞിരുന്ന എഴുത്തുകാരെ ഓരോരുത്തരെയായി വിശദമായി പരിചയപ്പെടുത്തി ആദരിച്ചു.
അതുകഴിഞ്ഞാണ് എസ് കെ യുടെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. ഓർമ്മകളിലൂടെ ഒരു യാത്ര, ഒരു ലംബാനിക്കല്യാണം എന്നീ രണ്ടു പുസ്തകങ്ങളിൽ ആദ്യത്തേത് എസ് കെയുടെ സംഭവബഹുലമായ ജീവിതാനുഭവങ്ങളുടെ സങ്കലനമാണ്. ആലങ്കോട് ആ പുസ്തകത്തെ പരാമർശിച്ചുകൊണ്ടാണ് തുടങ്ങിയത്. സദസ്സിനെ വിസ്മയിപ്പിച്ച പ്രഭാഷണമായിരുന്നു ആലങ്കോടിന്റേത്. ഭാസ്കരൻ മാഷെയും വയലാറിനെയും ഒഎൻ വിയെയുമൊക്കെ ചേർത്തുപിടിച്ച്, മാനവികതയിൽ അധിഷ്ഠിതമായ അവരുടെ ഗാനങ്ങൾ ആലപിച്ച്, കഴിഞ്ഞ നൂറ്റാണ്ടിന്റെ മികവും മലയാളത്തിന്റെ മാധുര്യവും ആലങ്കോട് സദസ്സിനെ അനുഭവിപ്പിച്ചു. സപ്തവർണ്ണങ്ങൾ കൂടിച്ചേർന്ന് അപൂർവ്വ ചാരുതയുള്ള ധവളിമ പരിലസിക്കുന്ന കാഴ്ച്ചയാണ് സർഗ്ഗസംഗമത്തിൽ കാണാൻ കഴിയുന്നതെന്ന് ആലങ്കോട് എടുത്തുപറഞ്ഞു. എസ് കെ നായരുടെ സപ്തതിയുടെ തണലിൽ ഒരു മനോഹര സ്വപ്ന പുഷ്പമായി വിരിഞ്ഞു വിടർന്ന സർഗ്ഗസംഗമത്തിൽ പങ്കുകൊള്ളാൻ കഴിഞ്ഞതിലുള്ള ചരിതാർഥ്യ ത്തോടെയാണ് ഏവരും മടങ്ങിയത്.
-----------------------------------------------------------------
സ്ർഗ്ഗ സംഗമത്തിൽ പങ്കെടുത്തവരുടെ വാക്കുകളിലേക്ക്.
'വളരെ മനോഹരമായ ഒരു സംഗമം.... ഇതിന് മുൻകൈ എടുത്തതിന് സാറിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു...
ബാംഗ്ലൂരിലെ എഴുത്തുകാർക്കും സാഹിത്യാസ്വാദകർക്കും നിർവൃതി നൽകിയ ഒരു സർഗസംഗമമാണ് നടന്നത്.
സുന്ദരമായ രചനകൾ പ്രകാശനം ചെയ്ത ഈ സംഗമത്തിൽ ഹൃദയത്തെ പുളകം കൊള്ളിക്കുന്ന സാഹിത്യാവലോകനങ്ങൾ ഉണ്ടായിരുന്നു. ഒരു കുളിർ മഴയായി ആലങ്കോട് ലീലാകൃഷ്ണൻ സാറിന്റെ പ്രഭാഷണവും. വളരെ അപൂർവമായ മനുഷ്യ സ്നേഹികളുടെ സംഗമമായിരുന്നു അത്. പങ്കെടുക്കാൻ കഴിഞ്ഞത് ഒരു സുകൃതാനുഭവമായി.
ആലങ്കോട് സാറിന്റെ പ്രഭാഷണം പാൽപ്പായസം തന്നെയായിരുന്നു....
എന്നെയും പങ്കെടുപ്പിച്ചതിനു ഒരായിരം നന്ദി