വിശ്വസാഹിത്യത്തില്പോലും ഒരു വിസ്മയമാണ് കൃഷ്ണന് നായര്‍. അങ്ങനെയൊരാള്‍ മറ്റൊരിടത്തും ഉണ്ടായിരിക്കാനിടയില്ല. ഇത്രയും നീണ്ട വിശ്വസാഹിത്യ തീര്‍ത്ഥാടനം മറ്റാരാണ് നടത്തിയിട്ടുണ്ടാവുക?
സാഹിത്യവാരഫലം എന്ന സമാനതകളില്ലാത്ത പ്രതിവാര പംക്തിയിലൂടെ ജനപ്രിയ നിരൂപകന് എന്ന നിലയില്‍ പ്രശസ്തനായ പ്രൊഫ. എം. കൃഷ്ണൻ നായർ , 1969 മുതല്‍ 2006 ല്‍ മരണം വരെ ആ പംക്തി എഴുതി. വിശ്വ സാഹിത്യത്തിലെ മൗലിക സംഭാവനകളെ പറ്റി നിരന്തരം എഴുതി, അവയെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തി. മലയാളത്തിലെ എഴുത്തുകാരെ മുഖം നോക്കാതെ വിമര്‍ശിക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറായി.
അദ്ദേഹം വായനയിലെ കുലപതിയായി കരുതപ്പെടുന്നു. സാഹിത്യ വാരഫലം കൂടാതെ നിരവധി ലേഖന സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 2006 ഫെബ്രുവരി 23 എണ്‍പത്തിരണ്ടാം വയസ്സില്‍ തിരുവനന്തപുരത്ത് നിര്യാതനായി. ഗുരുതുല്യനായ സുഹൃത്തിനെ കുറിച്ച് എഴുത്തുകാരനായ ലേഖകൻ ഓർമ്മിക്കുന്നു.
പ്രൊഫ.എം. കൃഷ്ണന് നായര്‍ മരണാസന്നനായി കിടന്ന കാലത്ത് സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നു. ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. വായന നിലച്ചിട്ട് ദിവസങ്ങളായി. അത് അദ്ദേഹത്തെ വല്ലാതെ ദുഖിതനാക്കിയിരുന്നു. ബോധം നിലനില്ക്കുവോളം വായന തുടരാന്‍ കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എനിക്ക് കിട്ടിയിരുന്ന പുതിയ പുസ്തകങ്ങള്‍ ഞാന്‍ വീട്ടില്‍ കൊണ്ടുപോയി കാണിക്കും. അവ ഓരോന്നായി അദ്ദേഹം കിടന്ന കിടപ്പില്‍ നെഞ്ചോടു ചേര്‍ത്ത് പിടിക്കും. ഞാന്‍ അവയുടെ വിവരങ്ങള്‍ പുറം ചട്ട വായിച്ചു പറഞ്ഞു കൊടുക്കും. ആ കണ്ണില്‍ നിന്ന് കണ്ണീര് ഇങ്ങനെ മെല്ലെ ഒഴുകും. ഒക്കെ വാങ്ങണമെന്നും വായിക്കണമെന്നും ആ മനസ്സ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇനി അതൊന്നും സാധിക്കില്ല എന്ന വലിയ തിരിച്ചറിവില്‍ നിന്നാണ് ആ കണ്ണീര് വരുന്നത്. മരിക്കുന്നതിനും ഒരാഴ്ച് മുന്‍പ് ഏറ്റവും അവസാനമായി അദ്ദേഹം എന്നോട് പറഞ്ഞത് കാള്‍ ക്രൗസിന്റെ “ദി ലാസ്റ്റ് ഡെയ്സ് ഓഫ് മാന്‍കൈന്‍ഡ്” എന്ന നാടകം കിട്ടിയില്ലല്ലോ എന്നായിരുന്നു. ഏറെ കൊതിച്ച ആ പുസ്തകം വായിക്കാതെ ഞാന്‍ മരിക്കും എന്നും കൂട്ടിച്ചേര്‍ത്തു.ഒരു ബുക്ക്സെല്ലെര് എന്ന നിലയില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു. ആ പുസ്തകത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളും മുന്‍പേ തന്നെ പരാജയപെട്ടിരുന്നു. ഒരിക്കല്‍ ഏതോ ഒരു ലിസ്റ്റില്‍ ആ പേരില്‍ ഒരു പുസ്തകം ഉണ്ട് എന്ന വിവരം അറിഞ്ഞ് ഞാനും കൃഷ്ണന് നായര്‍ സാറും ഏറെ സന്തോഷിച്ചു. ലിസ്റ്റില്‍ ആ പേര് കണ്ട ഉടനെ ആവേശത്തോടെ അത് വരുത്താനുള്ള ഏര്‍പ്പാട് ചെയ്തു. എന്ത് വിലയായാലും, ഭുമി വിറ്റിട്ടായാലും അത് വാങ്ങുക തന്നെ എന്ന് തമാശയും പറഞ്ഞു. പുസ്തകം വന്നപ്പോള്‍ വലിയ നിരാശ. വന്നത് ലാസ്റ്റ് ഡെയ്സ് ഓഫ് മാന്‍കൈന്‍ഡ് തന്നെ ആയിരുന്നു ! പക്ഷേ അത് കാള്‍ ക്രൗസിന്റെ പ്രസിദ്ധമായ നാടകമായിരുന്നില്ല എന്ന് മാത്രം. അതേ പേരിലുള്ള ഒരു ബൈബിള്‍ പഠനമായിരുന്നു. ഇത് കണ്ടു ഞങ്ങള്‍ക്ക് അന്നുണ്ടായ നിരാശ പറഞറിയിക്കാനാവില്ല.
1994 ല്‍ ഒരു ദിവസം ഏലിയാസ് കാനേറ്റിയുടെ (Elias Canetti) ആത്മകഥയുടെ രണ്ടാം ഭാഗമായ “ദി ടോര്‍ച് ഇന്‍ മൈ ഇയര്‍” (The Torch in My Ear) എന്ന പുസ്തകം ഞങ്ങള്‍ക്ക് കിട്ടി. അതൊരു ആഘോഷമായിരുന്നു. ഞാന്‍ പതിവുപോലെ കൃഷ്ണന് നായര്‍ സാറിനെ ഫോണ്‍ ചെയ്തു വിവരം പറഞ്ഞു. “ ക്ഷൗരം ചെയ്തിട്ടില്ല. എന്നാലും ഉടന്‍ വരികയായി “ കൊതിച്ച പുസ്തകം വന്നു എന്നറിഞ്ഞാല്‍ പിന്നെ കാത്തിരിപ്പില്ല. അപ്പോള്‍ തന്നെ ഓട്ടോറിക്ഷ പിടിച്ച് ഓടിയെത്തും. ഉള്ള പൈസ തന്നു അതുകൊണ്ട് പോകും. വായിച്ചു കഴിഞ്ഞാല്‍ ഉടന്‍ ഫോണ്‍ വിളിയായി . വായനയുടെ സന്തോഷം പങ്കുവയ്ക്കാന്‍. അന്നൊക്കെ ഓരോ പുസ്തകത്തില്‍ നിന്നുമാണ് മറ്റു പല നല്ല പുസ്തകങ്ങളെയും അറിയുക. അങ്ങനെ അറിയുന്ന പുതിയ എഴുത്തുകാരനെപറ്റി, പുതിയ പുസ്തകത്തെ പറ്റി ഞങ്ങൾ തമ്മില്‍ സംസാരിക്കും. ആ വിവരം സുഹൃത്തുക്കളായ മറ്റു വായനക്കാരുമായി പങ്കുവയ്ക്കും. അവരും അത്തരം വിവരങ്ങള്‍ അന്യോന്യം പറയും. എന്‍. ഇ ബാലറാം, പി ഗോവിന്ദപിള്ള, കെ വി സുരേന്ദ്രനാഥ്, ഗുരു നിത്യ ചൈതന്യയതി, പ്രൊ. ജഗന്നാഥ പണിക്കര്‍, ഡി വിനയചന്ദ്രന്, നരേന്ദ്ര പ്രസാദ്, വി.രാജകൃഷ്ണന്, കെ പി അപ്പന് (ഫോണിലൂടെ) അങ്ങനെ ഒരു വലിയ നിര വായനക്കാര്‍ തന്നെ ആ ബന്ധവലയത്തില് ഉണ്ടായിരുന്നു. കാനേറ്റിയുടെ ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ച പുസ്തകമായി പറഞ്ഞിട്ടുള്ളത് കാള്‍ ക്രൗസിന്റെ “ദി ലാസ്റ്റ് ഡെയ്സ് ഓഫ് മാന്‍കൈന്‍ഡ്” എന്ന നാടകത്തെക്കുറിച്ചായിരുന്നു. കൃഷ്ണന് നായര്‍ അടുത്ത ദിവസം അതെ പറ്റി എന്നോട് പറഞ്ഞു. ആദ്യമായി കേള്‍ക്കുകയാണ് ആ ആസ്ട്രിയന്‍ നാടക കൃത്തിനെ പറ്റി. എല്ലാ പുസ്തക ലിസ്റ്റിലും ആ പേര് പരതി നോക്കി. എങ്ങും കണ്ടില്ല. പലരോടും ചോദിച്ചു. ബാലറാം അതിന്റെ ഒരു അബ്രിട്ജിട് എഡിഷന് രാജ്യ സഭ ലൈബ്രറിയില്‍ കണ്ടിരുന്നു എന്ന് പറഞ്ഞു. പക്ഷേ പിന്നീട് അത് അവിടെയും കാണാതായി. ആ പുസ്തകത്തെ തേടി അന്ന് തുടങ്ങിയ അനേഷണം 2006 ല്‍ കൃഷ്ണന് നായര്‍ മരിക്കുന്നത് വരെ തുടര്‍ന്ന്. ഞാന്‍ പിന്നെയും അത് തേടി അലഞ്ഞു. ഒടുക്കം രണ്ടു വർഷം മുന്‍പ് - 2015 ല്‍ അതിന്റെ ഒരു പുതിയ പരിഭാഷ യേല്‍ യുനിവേര്സിറ്റി പ്രസിദ്ധപ്പെടുത്തി. ആ പുസ്തകം കാണുമ്പോളൊക്കെ എനിക്ക് എന്റെ ഗുരു തുല്യനായ പ്രിയ സുഹൃത്തിനെ ഓര്‍മ്മ വരും.
ആദ്യത്തെ കൂടിക്കാഴ്ച
1982-ലാണ് കണ്ണൂര്‍ ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്ന് ഞാന്‍ തിരുവനന്തപുരം എന്ന തലസ്ഥാന നഗരത്തിലെത്തുന്നത്. തലസ്ഥാനത്തെ പുളിമുട് ജംഗ്ഷനില്‍ ജനറല്‍ പോസ്റ്റാഫീസിന് എതിര്‍വശത്തായി എന്റെ മൂത്ത സഹോദരന് ആയിടയ്ക്ക് ഒരു പുസ്തകക്കട തുടങ്ങിയിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടനെ ആയിരുന്നു എന്റെ ആ യാത്ര. കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരത്തു തുടരണം. കൂട്ടത്തില്‍ ബുക്ക് ഷോപ്പില്‍ ചേട്ടനൊരു സഹായവും. പോസ്റ്റാഫീസിന്റെ പുറകിലെ ഒരു ലോഡ്ജിലാണ് താമസം. ചേട്ടന്റെ ഒരു സുഹൃത്തിന്റെതാണ് ആ മുറി. അവിടെ ചെല്ലുമ്പോള്‍ മേശപ്പുറത്ത് പല പുസ്തകങ്ങള്‍ - ചില വാരികകളും. അക്കൂട്ടത്തില്‍ 'മലയാളനാട്' വാരികയുടെ പഴയൊരു ലക്കമുണ്ടായിരുന്നു. അതൊന്ന് മറിച്ച് നോക്കിയപ്പോള്‍ ആരോ ഒരു പേജില്‍ കുറേ വരികള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു.
സാഹിത്യവാരഫലം എം. കൃഷ്ണന് നായര്‍ എന്ന പേജില്‍ 'എന്റെ മകന്' എന്ന തലവാചകത്തില്‍ കുറിച്ചിട്ട കുറേ വാചകങ്ങള്‍ . അവയെന്നെ പിടിച്ചു നിര്‍ത്തി. അപ്പോള്‍ത്തന്നെ ഞാനത് പലയാവര്‍ത്തി വായിച്ചു. അന്ന് കൈക്കലാക്കിയ ആ വാരിക ഇപ്പോഴും എന്റെ പുസ്തകക്കൂട്ടത്തിലുണ്ട്. എം. കൃഷ്ണന് നായരുടേതായി ഞാന്‍ വായിച്ച ആദ്യ ലേഖനമായിരുന്നു അത്. പത്താം ക്ലാസ്സില്‍ മലയാളം പഠിപിച്ച ചാക്കോച്ചന് മാഷ് സാഹിത്യ വാരഫലത്തെ പറ്റി ഒരിക്കല്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മ വന്നു. എന്റെ മുന്നിലെ വാരികയിലെ വരികളില്‍ എന്റെ മനസ്സ് ഉടക്കി നിന്നു.
'ആഗസ്റ്റ് പതിനാലാം തീയതി രാത്രി ഒന്‍പതു മണിക്ക് എന്റെ മകന് കെ. വേണുഗോപാലന്‍ തിരുവനന്തപുരം മെഡിക്കല്‍ കേളേജാശുപത്രിയില്‍ വച്ചു മരിച്ചു. വയനാട് കളക്ടറുടെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായിരുന്നു അവന്. ഒരാഴ്ചത്തെ അവധിയില്‍ തിരുവനന്തപുരത്തെത്തിയ വേണു പതിമൂന്നാം തീയതി രാത്രി സ്കൂട്ടറല് നിന്നു വീണു; റോഡില്‍ തലയടിച്ചു ബോധശൂന്യനായി. ഞാന്‍ അവനെ ആദ്യം ശ്രീരാമകൃഷ്ണാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജാശുപത്രിയിലും കൊണ്ടുപോയി. വിദഗ്ദ്ധമായ ശസ്ത്രക്രിയ എന്റെ മകനെ രക്ഷിച്ചില്ല. ബോധാവസ്ഥയിലെത്താതെ അവന് ഈ ലോകം വിട്ടുപോയി. ആപത്തു സംഭവിച്ചതിന്റെ തലേദിവസം രാത്രി എന്റെ വീടിനു തൊട്ടടുത്തുളള വയലിന്റെ അപ്പുറത്തെ റോഡില്‍ അവന് നില്ക്കുന്നതു ഞാന്‍ കണ്ടു. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ റോഡില്ല. കുഴികളേയുളളൂ. മകന് കാലുതെറ്റി ആകുഴിയില്‍ വീണുപോയേക്കുമെന്ന പേടികൊണ്ട് ഞാന്‍ അവന്റെ അടുത്തേക്ക് ഓടിച്ചെന്നു, വിളിച്ചു വീട്ടിലേക്കു കൊണ്ടുവന്നു.... മുപ്പത്തിരണ്ടു വയസ്സുകഴിഞ്ഞ മകന് പോയി. ലോകത്തിനു പ്രയോജനമില്ലാത്ത ഞാന്‍ ജീവിച്ചിരിക്കുന്നു.... രാത്രിയാണിപ്പോള്‍. വയലില്‍ ട്യൂബ്ലൈറ്റിന്റെ പ്രകാശം. വയലിനപ്പുറത്തു കുഴികള്‍. ആ കുഴികള്ക്കപ്പുറത്ത് ആറിഞ്ച് പാതയില്‍ എന്റെ മകന് ഉത്കണ്ഠയോടുകൂടി നില്ക്കുന്നു, പ്രിയപ്പെട്ട വായനക്കാരേ, ഞാന്‍ അവനെ വിളിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുപോരട്ടെ. അല്ലെങ്കില്‍ അവന് ആ കുഴികളിലൊന്നില്‍ വീണുപോകില്ലേ? അവന്റെ കാല് ഒടിഞ്ഞുപോകില്ലേ? മരണം തന്നെ സംഭവിക്കില്ലേ?'
സ്വന്തം ജീവതത്തില്‍ നിന്നുളള ഈ സംഭവം കഠിനവേദനയോടെ പകര്‍ത്തിയെഴുതി മരണത്തെ എങ്ങനെ മനുഷ്യന് നേരിടാനാകും എന്ന് വിവിധ എഴുത്തുകാരുടെ നിരീക്ഷണങ്ങളിലൂടെ കൃഷ്ണന് നായര്‍ വിവരിക്കുകയായിരുന്നു. എനിക്കു ആ പേജ് മറിക്കാനേ തോന്നിയില്ല. ഇതു കണ്ട ചേട്ടന്റെ സുഹൃത്ത് പറഞ്ഞു 'കൃഷ്ണന് നായരെ നാളെ നിനക്കു പരിചയപ്പെടാം. അദ്ദേഹം എന്നും പുസ്തകക്കടയില്‍ വരും'. രാത്രിയില്‍ മുറിയിലെത്തിയ ചേട്ടന് പറഞ്ഞു തുടങ്ങിയതും കൃഷ്ണന് നായരെപ്പറ്റിയായിരുന്നു. കൂട്ടത്തില്‍ കുറെ പെരുമാറ്റച്ചട്ടങ്ങളും പറഞ്ഞുതന്നു.
സാറിനെ കണ്ടാലുടന്‍ എഴുന്നേറ്റുനിന്നു തൊഴണം. അനാവശ്യമായി ഒന്നും സംസാരിക്കരുത്. പോയിക്കഴിഞ്ഞേ ഇരിക്കാവൂ. പുസ്തകങ്ങളൊന്നും എടുത്തു കാണിക്കരുത്. സാറ് എടുത്തുകൊളളും. ഒരു കാരണവശാലും സാറിന് ഇഷ്ടക്കേടുണ്ടാക്കരുത്.
ഇത്തരം കരുതലിന്റെ ആവശ്യം ചേട്ടനുമുണ്ടായിരുന്നു. കടയിലെ ഒരു ജോലിക്കാരന് വരുത്തിവെച്ച പഴയൊരു ദരനുഭവം ഓര്‍മ്മയിലുണ്ട്. അദ്ദേഹം പ്രധാനപ്പെട്ട വ്യക്തിയാണ്. ഒരുപാട് പുസ്തകങ്ങള്‍ വാങ്ങുന്നൊരാളും. അപ്രിയമുണ്ടാക്കാതെ നോക്കേണ്ട കടമ, ഉടമസ്ഥനുണ്ടല്ലോ. ഞാനെല്ലാം കേട്ടിരുന്നു. ഞാനും മാനസികമായി തയ്യാറെടുത്തു. അത്ഭുതാദരങ്ങളോടെ അല്പം ഭയവും മനസ്സില്‍ കടന്നുകൂടി. അടുത്തദിവസം വൈകുന്നേരം കടയിലെ എന്റെ ആദ്യദിവസം. വൈകുന്നേരം നാലുമണി കഴിഞ്ഞുകാണും. കൃഷ്ണന് നായര്‍ സാര്‍ പതിവു തെറ്റിച്ചില്ല. ഒരു കയ്യില്‍ കുടയും മറുകയ്യില്‍ കുറച്ചു പുസ്തകങ്ങളുമായി നീണ്ടുനിവര്ന്നുളള ആ നടത്തം. എന്റെ ആദ്യ കാഴ്ചയാണ്. എല്ലാവരേയും തൊഴുത് അദ്ദേഹം പുസ്തകങ്ങള്‍ തിരഞ്ഞുതുടങ്ങി. പോകാറായപ്പോള്‍ ചേട്ടനെന്നെ പരിചയപ്പെടുത്തി. 'സാര്‍, ഇതെന്റെ അനിയനാണ്. പത്തു കഴിഞ്ഞു. ഇനി പഠിത്തം ഇവിടെയാകാമെന്നു കരുതി. കൂടെ എനിക്കു സഹായവും.' 'എന്താ അനിയന്റെ പേര്?' എന്നെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് അദ്ദേഹം ചോദിച്ചു. അതൊരു നീണ്ട ആത്മബന്ധത്തിന്റെ തുടക്കംകുറിക്കലായിരുന്നു എന്ന് അന്നറിഞ്ഞില്ല. ആ വൈകുന്നേരം ഇന്നും മനസ്സിലങ്ങിനെ നിറഞ്ഞു നില്ക്കുന്നു. 2006-ല്‍ കൃഷ്ണൻ നായര്‍ സാര്‍ അന്ത്യശ്വാസം വലിക്കുന്നതുവരെ ആ ബന്ധം നിലനിന്നു. പതിവുകള്‍ തെറ്റിക്കാതെ കൃഷ്ണന് നായര്‍ സാര്‍ എല്ലാ വൈകുന്നേരങ്ങളിലും വന്നു. ഇരുപത്തി നാലു വര്‍ഷം. അതിനിടയില്‍ ചുരുക്കം ചില ദിവസങ്ങളെ നമ്മള് തമ്മില്‍ കണാതിരിന്നിട്ടുള്ളൂ. ശാസ്തമംഗലത്തു നിന്ന് ബസ്സില്‍ കയറി സ്റ്റാച്യു ജംഗ്ഷനില്‍ ബസ്സിറങ്ങി നീണ്ടുനിവര്‍ന്നൊരു നടപ്പാണ്. കടയിലെ പുസ്തകങ്ങളെയെല്ലാം വാത്സല്യത്തോടെ മറിച്ചുനോക്കി ആവശ്യമുളളവ വാങ്ങിച്ച് തിരിച്ചുപോകും. അവയെകുറിച്ച് അദ്ദേഹം എന്തെഴുതി എന്നറിയാന്‍ ഞാന്‍ അടുത്ത ലക്കം കലാകൗമുദി വാരിക കാത്തിരിക്കും.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ ഉളളിലെ ഭയം മാറി. അദ്ദേഹവുമായി കുറച്ചൊക്കെ സംസാരിച്ചു തുടങ്ങി. അങ്ങനെയാണ് എന്റെ സാഹിത്യ വിദ്യാഭ്യാസം തുടങ്ങിയത്. വായിക്കേണ്ട പുസ്തകങ്ങള്‍ പറഞ്ഞുതരും. പല എഴുത്തുകാരേയും പരിചയപ്പെടുത്തിതരും. ആദ്യം എന്നോട് വായിക്കുവാനാവശ്യപ്പെട്ടത് രണ്ടു കൃതികളായിരുന്നു. ഒന്ന് താരാശങ്കറിന്റെ 'ആരോഗ്യനികേതനം.' മറ്റൊന്ന് ടോള്‍സ്റ്റോയിയുടെ 'ഡെത്ത് ഓഫ് ഇവാന് ഇല്ലിച്ച്'. വൈകുന്നേരങ്ങളിലെ ഞങ്ങളുടെ സംഭാഷണങ്ങള്‍ പതിവായി. പ്രമുഖ പ്രസാധകരായ പെന്ഗ്വിന്റേയും ഫേബറിന്റെയുമൊക്കെ കാറ്റലോഗുകള്‍ വരുത്തി ഞങ്ങള്‍ വിശദമായി വായിച്ച് പുതിയ പുസ്തകങ്ങള്‍ വരുത്തിത്തുടങ്ങി. വാരികകളിലെ വായിക്കേണ്ട കഥകളെപ്പറ്റിയും ലേഖനങ്ങളെപ്പിയും അദ്ദേഹം എന്നോട് പറയും. അവയെപ്പറ്റിയാവും സാറ് അടുത്ത വാരഫലത്തില്‍ എഴുതുക. അങ്ങനെ അതൊക്കെ ആദ്യമറിയുന്ന ആളെന്ന ഒരു ഗമ എന്നെ ആവേശം കൊളളിച്ചു. എന്റെ സാഹിത്യഭ്രാന്ത് കൂടി വന്നു. ഓരോ എഴുത്തുകാരനെ പറ്റിയും വലിയ ഒരു ഉള്‍കാഴ്ച എന്നില്‍ അദ്ദേഹം നിറച്ചു. ചിലരെ വായിക്കേണ്ടതില്ലെന്ന് പറഞ്ഞു തന്നു. ചിലവ പല ആവര്‍ത്തി വായിക്കണമെന്നും. എന്നെ ലേഖനങ്ങള്‍ എഴുതാന്‍ പ്രേരിപ്പിച്ചു. ഞാന്‍ എന്തെങ്കിലും എഴുതിയാല്‍ ന്യുനതകള്‍ പറഞ്ഞു തന്നു. എന്തെഴുതിയാലും അത് വായനക്കാര്‍ക്ക് മനസ്സിലാവണമെന്നു സാറിന് നിര്‍ബന്ധമായിരുന്നു. ഏറ്റവും ലളിതമായി എഴുതുക. ആ ഉപദേശം എന്നും ഞാന്‍ ഓർമ്മിക്കാറുണ്ട്. മനസ്സിലാവാത്ത ഒരു വരി പോലും എഴുത്തില്‍ വരാതെ ഞാന്‍ ഇപ്പോഴും നോക്കാറുണ്ട്.
സാഹിത്യ മോഷണം കണ്ടെത്തല്‍ അന്നത്തെ ഒരു ഹരമായിരുന്നു. അങ്ങനെ എത്രയോ വന്‍ സ്രാവുകളെ സാര്‍ പിടികൂടി. കുറ്റാന്വേഷണ സഹായത്തിന് ഞാനും കൂടും. ചിലതൊക്കെ പറഞ്ഞു കൊടുത്താല്‍ അപ്പാടെ സ്വീകരിക്കും. മറ്റ് ചിലത് പറഞ്ഞാല്‍ “അത് വേണ്ട, ഒറിജിനലിനെക്കാള് ഇതാണ് മെച്ചം. അതുകൊണ്ട് അവനെ ഉപദ്രവിക്കേണ്ടതില്ല” എന്ന തീരുമാനത്തില്‍ എത്തി ച്ചേരും. ഒരു രാത്രിയില്‍ ഏറെ വൈകി സാറിന്റെ ഫോണ്‍കോള്‍ വന്നു. “ എം കൃഷ്ണന് നായര്‍ സംസാരിക്കുന്നു. സുധീര്‍ ഉറങ്ങിയോ? “ ഞാന്‍ ഇല്ലെന്നു പറഞ്ഞു. എന്താ സാര്‍ വിശേഷം ? “ സുധീറിന്റെ വീട്ടിലെ പുസ്തക ശേഖരത്തില്‍ ക്വറ്റ്സിയുടെ “ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് മൈക്കേല്‍ കെ “ ഉണ്ടോ ? ഞാന്‍ പറഞ്ഞു “ഉണ്ട് സാര്‍” . അതൊന്നു എടുത്ത് – ചില പേജുകള്‍ വായിച്ചു കേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സാറിന്റെ കയ്യിലുണ്ടായിരുന്ന കോപ്പി പെട്ടെന്ന് തപ്പിയപ്പോള്‍ കണ്ടില്ല. അതാണ് എന്നെ വിളിച്ചത്. “വത്സലയുടെ ഗൌതമന് വായിക്കുകയായിരുന്നു. മുന്നോട്ടു പോകുംതോറും അതിനു ക്വറ്റ്സിയുടെ നോവലുമായി നല്ല സാമ്യം തോന്നി. അതാണ് അസമയത്ത് വിളിച്ചത്. ക്ഷമാപണത്തോടെ സാര്‍ ഫോണ്‍ വെച്ചു. പിന്നെ ആ മോഷണത്തെപ്പറ്റി ദീര്‍ഘമായി അദ്ദേഹം എഴുതി. ഇങ്ങനെ മലയാള സാഹിത്യ രംഗത്തെ ഞെട്ടിച്ച ഒരു പാട് സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട്.
ഒരു ദിവസം രാവിലെ ഒരു സായ്പ് മാതൃഭൂമി വാരികയും പിടിച്ചു കൊണ്ട് കടയില്‍ വന്നു. ഒരു ലേഖനം കാണിച്ച് ഇത് എഴുതിയ ആളെ കാണാന്‍ എന്താണ് വഴിയെന്നു അന്വേഷിച്ചു. ലേഖനം കൃഷ്ണന് നായര്‍ സാറിന്റെതായിരുന്നു. ഷോര്‍ഷ പെരക്ക് (Georges Perec) എന്ന നോവലിസ്റ്റിന്റെ ‘ലൈഫ് : എ യുസേര്സ് മാന്വല്‍’ (Life a User's Manual) എന്ന നോവലിനെ പറ്റി എഴുതിയ ലേഖനം. വൈകുന്നേരം വന്നാല്‍ കാണാന്‍ കഴിയും എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്നും നാലു മണി അടുപ്പിച്ചാണ് വരാറെന്നും അറിയിച്ചു. അയാള്‍ വൈകുന്നേരം വരാം എന്നും പറഞ്ഞു പോയി. വൈകിട്ട് കൃഷ്ണന് നായര്‍ വരുമ്പോള്‍ സായ്പ് കൂടെയുണ്ടായിരുന്നു. അയാള്‍ വഴിയില്‍ നിന്നും സാറിനെ തിരിച്ചറിഞ്ഞു കൂടെ കൂടി. അയാള്‍ പെരക്കിന്റെ ഒരു അത്മസുഹുര്ത്തായിരുന്നു. പേര് ഷുവേ. അകാലത്തില്‍ മരിച്ച തന്റെ സുഹൃത്തിന്റെ പേരും പടവും ഒരു മലയാള വാരികയില്‍ കണ്ട സന്തോഷത്തിലാണ് ഷുവേ.അയാള്‍ താമസിച്ചിരുന്ന കോവളത്തെ ഹോട്ടലില്‍ നിന്നാണ് മാതൃഭൂമി കിട്ടിയത്. വെറുതെ മറിച്ചു നോക്കിയപ്പോള്‍ തന്റെ സുഹൃത്തിന്റെ ഫോട്ടോ. പിന്നെ അതെഴുതിയ ആളെ കാണണമെന്ന തോന്നലായി.അങ്ങനെ അന്വേഷിച്ചാണ് എന്റെ അടുത്ത് എത്തിയത്. അയാള്‍ ഒരു ടുറിസ്റ്റായി ലോകം ചുറ്റാന്‍ ഇറങ്ങിയതാണ്. ഞങ്ങള്‍ മൂന്ന് പേരും കൂടി അടുത്തുള്ള കലവറ ഹോട്ടലില്‍ പോയി ചായ കുടിച്ചു വര്‍ത്തമാനം പറഞ്ഞിരുന്നു. പെരക്കിന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അടുത്ത ലക്കം വാരഫലത്തില്‍ ഈ അനുഭവത്തെ പറ്റി വിശദമായി അദ്publive-imagരോ നോവലിലും ഓരോ കലാസങ്കേതമാണ് പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രതിഭാശാലി ഇടവിടാതെ സിഗരറ്റ് വലിച്ചിരുന്നുവെന്നും അതുകൊണ്ട് കാൻസർ വന്നുവെന്നും അദ്ദേഹത്തിന്റെ ആത്മ മിത്രമായ ഷുവെ എന്നോടു പറഞ്ഞു. അകാലചരമം പ്രാപിച്ച അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ പ്രതിഭയുടെ പരകോടി പ്രദർശിപ്പിക്കുന്ന എത്രയെത്ര നോവലുകൾ നമുക്കു കിട്ടുമായിരുന്നു.”
അങ്ങനെ മലയാള വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. 'ലൈഫ് : എ യുസേഴ്സ് മാന്വല്‍' കേരളത്തില്‍ ധാരാളം വായിക്കപ്പെട്ടു. ഇങ്ങനെ എത്ര എത്ര പ്രതിഭകളെയാണ് ആ മനീഷി നമ്മുടെ മുന്നില്‍ അവതരിപ്പിച്ചത്. അതില്‍ അദ്ദേഹം കണ്ടെത്തിയ ആനന്ദം നേരില്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. നാളെ ആരാണ് ലോക സാഹിത്യത്തില്‍ താരങ്ങളാവുക എന്ന് മുന്‍കൂട്ടി കാണുവാനുള്ള ദീര്‍ഘ വീക്ഷണം ഈ വലിയ വായനക്കാരന് ഉണ്ടായിരുന്നു.
മാന്യതയുടെ ആള്‍രൂപം
ഒരിക്കല്‍ അദ്ദേഹം ഒമാനില്‍ പോയിരുന്നു. അദ്ദേഹം നടത്തിയ ഏക വിദേശ യാത്രയും അതായിരുന്നു. എനിക്കും മറക്കാനാവാത്ത ഒരു സന്ദര്‍ഭം ആയിരുന്നു അത്. തിരിച്ചു വരുന്ന വഴിക്ക് എയര്‍ പോര്‍ട്ടില്‍ നിന്നും കൃഷ്ണന് നായര്‍ സാര്‍ നേരെ എന്നെ കാണാന്‍ കടയില്‍ വന്നു. കയ്യില്‍ അവിടെ നിന്നും എനിക്കായി വാങ്ങിയ വില കൂടിയ ഒരു പാര്‍ക്കര്‍ ഇങ്ക് പെന്‍. ഞാന്‍ ഇന്നും അത് നിധി പോലെ സൂക്ഷിക്കുന്നു. അതാണ് കൃഷ്ണന് നായര്‍ സാറിന്റെ സ്നേഹം, ശ്രദ്ധ. ഒന്നും വിട്ടു പോകില്ല.
ഒമാനില്‍ ഉണ്ടായ ഒരു സംഭവം വിവരിക്കുന്നത് ഇങ്ങനെ
“കുറച്ചുവർഷം, മുൻപ് ഞാൻ ഒമാനിൽ പോയപ്പോൾ ഞാനൊരു കേമനാണെന്നു മറ്റുള്ളവർക്കു തോന്നാൻ വേണ്ടിയായിരിക്കണം കേരള കൾച്ചറൽ സെന്ററിന്റെ പ്രസിഡന്റ് സി. എൻ. പി. നമ്പൂതിരി വലിയ ഒരു ‘പത്രസമ്മേളനം’ ഏർപ്പാടു ചെയ്തു. പത്തോ പന്ത്രണ്ടോ പ്രതിനിധികളുണ്ടായിരുന്നു. ഒരാൾ സായ്പ് അദ്ദേഹം ആനി ബെസന്റിന്റെ ‘ഗ്രാന്റ് സൺ; ആണെന്നു ആരോ എന്നെ അറിയിച്ചു. (പൗത്രനോ ദൗഹിത്രനോ? അതറിഞ്ഞുകൂടാത്തതുകൊണ്ട് ഗ്രാന്റ് സൺ എന്നു പ്രയോഗിക്കുന്നു.) അപ്പോൾ ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “ഞാൻ ആലപ്പുഴെ സനാതനധർമ്മവിദ്യലയത്തിൽ പഠിച്ചിട്ടുണ്ട്. അവിടെ ആനി ബസന്റ് ഹോളുണ്ട്.” സായ്പിന്റെ സന്തോഷം കണ്ട് ഞാൻ അദ്ഭുതപ്പെട്ടു. ഉടനെ വരുന്നു ഒരു വലിയ അറബിപ്പത്രത്തിന്റെ പ്രതിനിധിയായ് ഒരു പാകിസ്ഥാൻകാരനിൽ നിന്നു സാംഗത്യമില്ലാത്ത ചോദ്യം: “What is your age?” എന്റെ പറുപടി: “More than seventy” എന്നിട്ടു നേരമ്പോക്കിനു വേണ്ടി ഇത്രയും കൂട്ടിച്ചേർത്തു. “A man over seventy can die at any time.” പാകിസ്ഥാൻകാരനു നർമ്മബോധമില്ല. അദ്ദേഹം വീണ്ടും: “But your hair is black. Are you dyeing your hair so that you may seem young?” എന്റെ മുഖം തലമുടിയെക്കൾ കറുത്തു. എങ്കിലും “Habit. That is all” എന്നറിയിച്ചു.”
അവനവനെ കുറച്ചു കാണിക്കുന്ന കാര്യങ്ങള്‍ പോലും അദ്ദേഹം മറച്ചു വെച്ചില്ല. എല്ലാം ചേരുവയോടെ പംക്തിയില്‍ എഴുതി. ജീവിതത്തിലെ തെറ്റായ പ്രവര്‍ത്തികളെ പറ്റി എന്നോട് പലപ്പോഴും പറയും. ലൈഗിക പുസ്തകങ്ങള്‍ വങ്ങുമ്പോള് എപ്പോഴും ഒരു കഥ പറയും. പണ്ട് പഠിക്കുന്ന കാലത്ത് ഒരിക്കല്‍ ആരും കാണാതെ ഒരു അശ്ലീല പുസ്തകം വായിക്കുന്നത് അച്ഛന് കാണാനിടയായി. അതില്‍ ദേഷ്യം വന്ന അച്ഛന് വല്ലാതെ പ്രഹരിച്ചു. അന്ന് തീരുമാനിച്ചതാണ് വളര്‍ന്നു സ്വന്തം കാലില്‍ നില്ക്കാന് അയാല്‍ ഇഷ്ടം പോലെ അത്തരം കൃതികള്‍ വാങ്ങുമെന്ന്.
ഇഷ്ട കൃതികള്‍
“കാഫ്ക ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഗ്രന്ഥമാണു ഒറീലിയസിന്റെ 'Meditations' “എനിക്കു അദ്ദേഹത്തെക്കൂടാതെ <ഒറീലിയസിനെക്കൂടാതെ> ജീവിക്കാനാവുകയില്ല. അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ വചനങ്ങൾ മതി, എനിക്കു ശാന്തി കിട്ടും; ഞാൻ നിയന്ത്രിക്കപ്പെടും” എന്നു കാഫ്ക പറഞ്ഞു. കാഫ്കയോടു എന്നെ ഇക്വേറ്റ്ചെയ്തു (സദൃശനാക്കി) പറയുകയല്ല. എന്റെയും അനുഭവമിതാണു. “ കൃഷ്ണന് നായര്‍ സാര്‍ പല തവണ ഇതേപറ്റി എഴുതിയിട്ടുണ്ട്.. കൃഷ്ണന് നായര്‍ സാര്‍ എന്നോട് നിരന്തരം വായിക്കണം എന്ന് പറഞ്ഞിട്ടുള്ള ഒരു കൃതിയും ഒറീലിയസിന്റെ 'മെഡിറ്റേഷന്‍സ്' ആണ്. മനുഷ്യ സ്വഭാവത്തെ ഇത്ര ആഴത്തില്‍ മനസ്സിലാക്കിയ മറ്റൊരാള്‍ ഇല്ല എന്നാണ് ഈ രണ്ടാം നൂറ്റാണ്ടിലെ ചക്രവര്‍ത്തിയെ പറ്റി സാര്‍ പറയാറുള്ളത്. അത് വളരെ ശരിയുമാണ്.
കൃഷ്ണന് നായര്‍ പുസ്തകങ്ങള്‍ മുഴുവനായും വായിക്കാറില്ല എന്ന് ശ ത്രുക്കള്‍ പറഞ്ഞു നടക്കാറുണ്ട്. അവരെ കൊണ്ട് കഴിയാത്ത കാര്യം മറ്റുള്ളവര്‍ക്കും അങ്ങനെതന്നെയാവും എന്ന വെറും മ്ലേച്ഛമായ ഒരു നിലപാട് ഇത്തരം അസൂയാലുക്കള്‍ കൊണ്ട് നടന്നു എന്ന് മാത്രം. ഒരനുഭവം മാത്രം പറയാം. ചില ആളുകള്‍ ഇങ്ങനെ പറഞ്ഞു നടക്കുന്ന കാര്യം ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. അവര്‍ എന്നെ വായിക്കാത്തവര്‍ ആണെന്ന് മാത്രം അദ്ദേഹം മറുപടി പറയും. വിക്തര്‍ യൂഗോയുടെ 'ലെ മിസറാബിള്' സാര്‍ എല്ലാ വര്‍ഷവും വായിക്കുന്ന ഒരു നോവലായിരുന്നു. ഒരിക്കല്‍ ഇപ്പോഴത് എത്ര പ്രാവശ്യം തീര്‍ത്തിരിക്കും എന്ന് ഞാന്‍ ചോദിച്ചു. അന്ന് കിട്ടിയ ഉത്തരം പത്തൊമ്പതെന്നായിരുന്നു. അവിശ്വാസം എന്റെ മുഖത്ത് നിഴലിച്ചപ്പോള്‍ അദ്ദേഹം 'ചൊല്ലി'ത്തുടങ്ങി....സുന്ദരമായ ഇംഗ്ലീഷില്‍ 'ലെ മിസെറബിളിലെ' ഭാഗങ്ങള്‍ ..ആദ്യം മുതലുള്ളത്. . മിനുട്ടുകള്‍ കടന്നുപോയി. ഞാനന്തം വിട്ടിരിക്കുകയാണ്. സാറാണെങ്കില്‍ നിര്‍ത്തുന്നമട്ടില്ല. സാറിന് അത് മുഴുവും കാണാപ്പാടമാണ്. അങ്ങനെ പല കൃതികളും. പലതും ഒരിക്കല്‍ വായിച്ചാല്‍ മതി. ഇന്ന വാചകം ഇന്ന പേജില്‍ ഉണ്ടെന്നു പിന്നീട് ഓര്‍ത്തു പറയും. ഓരോ കൃതിയുടെയും ഹൃദയം ഒറ്റ വായനയില്‍ തന്നെ കണ്ടെത്തി അവതരിപ്പിക്കാനുള്ള അസാമാന്യ കഴിവ് സാറിന് ഉണ്ടായിരുന്നു. ഒന്നിലും അമിതമായി അഭിരമിച്ചില്ല. വായനയില്‍ ഒഴിച്ച് ! ഒരു സന്തോഷവും അദ്ദേഹത്തിന്റെ സ്വാഭാവിക രീതികളെ ബാധിച്ചില്ല. എന്നും എല്ലാവരോടും തികച്ചും മാന്യമായി മാത്രം പെരുമാറി. സാഹിത്യ സ്വഭാവത്തെ ഉൾക്കൊള്ളുന്നതിൽ യാതൊരുവിധ മുന്‍വിധികളും വച്ച് പുലര്‍ത്തിയില്ല.ഏതു കൊലകൊമ്പനെയും നിർദാക്ഷണ്യം അക്രമിചു.. എഴുത്തുകാരന് ആരെന്നു നോക്കാതെ രചനയെ പ്രകീർത്തിച്ചു. അധമ സാഹിത്യത്തെ കടിച്ചു കീറി.
വ്യക്തി എന്ന നിലയില്‍ ഇല്ലാത്ത രീതികളായിരുന്നു എഴുത്തില്‍ നിലനിര്‍ത്തിയത്. സൗമ്യനായ, ശാന്തസ്വഭവമുള്ള ഒരു സാധാരണ മനുഷ്യന്. ചെറിയ കാര്യത്തിന് വേവലാതിപ്പെടും. വിമർശനത്തില്‍ അസഹിഷ്ണുത കാണിച്ച ചില എഴുത്തുകാര്‍ സാറിനെ ആക്രമിച്ചു. ഡി വിനയചന്ദ്രന് ഒരിക്കല്‍ ഒരു നോട്ടീസ് ഇറക്കി സാറിനെ അവഹേളിക്കാന്‍ ശ്രമിച്ചു. അതില്‍ അദ്ദേഹം ഏറെ ദുഖിതനായിരുന്നു. മുഖ്യമന്ത്രി നായനാര്‍ ഇടപെട്ടു വിനയചന്ദ്രനെ സര്‍വിസില്‍ നിന്നും സസ്പെൻഡ് ചെയ്തു. ഒടുക്കം ഞാനും നരേന്ദ്ര പ്രസാദും കൂടി സാറുമായി സംസാരിച്ചാണ് ഇത് തീര്‍ത്തത്. പിന്നീടും അവര്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാതെയാണ് കഴിഞ്ഞത്. എന്നാല്‍ രണ്ടുപേര്‍ക്കും പരസ്പരം വലിയ ബഹുമാനമായിരുന്നു. കൃഷ്ണന് നായര്‍ മരിച്ചപ്പോള്‍ വിനയചന്ദ്രൻ പൊട്ടിക്കരയുന്നതിനും ഞാന്‍ സാക്ഷിയായി.
publive-image എന്‍. എസ് .മാധവനുമായുള്ള വിവാദം വക്കീല്‍ നോട്ടിസ് വരെയെത്തി. സാര്‍ അകെ തളര്‍ന്നു പോയി. ജീവിതാസ്തമയ കാലത്ത് കോടതി കേറി ഇറങ്ങേണ്ടി വരുമല്ലോ എന്ന് പരിഭവിച്ചു. ഉറക്കം നഷ്ടമായി. ഒടുക്കം ഞാനും സാറും കൂടി സാറിന്റെ ആത്മമിത്രവും, സതീര്‍ത്ഥ്യനുമായ കെ വി സുരേന്ദ്രനാഥിനെ കണ്ടു ഇക്കാര്യത്തില്‍ ഒന്ന് ഇടപെടാന്‍ പറഞ്ഞു. ആശാന് എന്ന സുരേന്ദ്രനാഥ് ഇടപെട്ടാണ് ആ പ്രശ്നം തീര്‍ത്തത്.
ഇങ്ങനെ സാറിനെ പറ്റി ഇനിയും പലതും പറയുവാന്‍ കഴിയും. സാധാരണനിലയില്‍ ഒരു മനുഷ്യായുസ്സുകൊണ്ട് സാധിക്കുന്നതിനുമപ്പുറം അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത്രയും നീണ്ട വിശ്വസാഹിത്യ തീര്‍ത്ഥാടനം മറ്റാരാണ് നടത്തിയിട്ടുണ്ടാവുക? സാഹിത്യസൗന്ദര്യത്തെ ഇത്രയേറെ ആസ്വദിച്ചു കടന്നുപോയ മറ്റേത് വികര്ശകനുണ്ട്? സാഹിത്യത്തേയും ആശയങ്ങളേയും ഇത്രയേറെ സാധാരണക്കാരിലേക്കെത്തിച്ച മറ്റേതൊരു എഴുത്തകാരനുണ്ട്? എഴുത്തില്‍ അദ്ദേഹം പുലര്‍ത്തിയ ജനാധിപത്യ രീതി അവിസ്മരണീയമായമാണ്. അടിസ്ഥാനപരമായി ഒരു മനുഷ്യ സ്നേഹിയായി ഇസങ്ങളില്‍ പെടാതെ ജീവിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. വിശ്വസാഹിത്യത്തില്പോലും ഒരു വിസ്മയമാണ് കൃഷ്ണന് നായര്‍. അങ്ങനെയൊരാള്‍ മറ്റൊരിടത്തും ഉണ്ടായിരിക്കാനിടയില്ല. ആ ജീവിതത്തെ അടുത്തറിയാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അത് എന്റെ വായനയെയും , ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മരണ കിടക്കയില്‍ നിന്ന് പോലും തന്റെ ജീവിതവുമായി ബന്ധപ്പെട്ട ഓരോ ആളോടും നന്ദി പറഞ്ഞു ആ മനുഷ്യന്. ഓരോ പുസ്തകം കൊടുക്കുമ്പോഴും സാര്‍ എന്നോട് നന്ദി പറയുമായിരുന്നു. എനിക്ക് ഈ ഒരു ആയുസ്സ് പോര സാറിനോടുള്ള നന്ദി- കണക്കു തീര്‍ക്കാന്‍! ജീവിതത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊണ്ട് കഴിയാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. കലയേയും അതിന്റെ സമഗ്രതയില്‍ ഉള്‍കൊള്ളാന്‍ ഒരുപാട് തലമുറകളെ പ്രേരിപ്പിച്ചു. സാഹിത്യത്തിലെ കളകളെ കണ്ടെത്തി പറിച്ചു കളയുന്നതില്‍ ഈ മനുഷ്യന് കാണിച്ച ആര്‍ജവം എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മരണം ആ ശരീരത്തെ കീഴടുക്കുന്നത് വരെ ആ മനസ്സില്‍ സാഹിത്യം മാത്രമായിരുന്നു ചിന്ത.
----- H Navas Euphony
COOL BANGALORE NEWS