• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
October 15, 2023

കേരള സമാജം ദൂരവാണിനഗറിന്റെ മുഖ്യ ധാരാപ്രവർത്തനങ്ങളിൽ കഴിഞ്ഞ മുപ്പതു വർഷങ്ങളിലധികം സജീവമായിരുന്ന ശ്രീ ടി.ഐ സുബ്രൻ ഔദ്യോഗികരംഗത്തുനിന്നു വിരമിക്കുന്നു. ഒക്ടോബർ 14 ന് കേരള സമാജം പ്രവർത്തക സമിതി, മുൻ പ്രവർത്തകരുടെയും മുൻ ഭാരവാഹികളുടടെയും സാന്നിധ്യത്തിൽ സമുചിതമായ യാത്രയയപ്പുനല്കി.

പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഈ നിശബ്ദ സേവകനെ  ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുകയാണ്.

ഒരു പക്ഷെ കേരള സമാജം ദൂരവാണിനഗർ കണ്ടിരിക്കുന്ന പരേതനായ എം ഗംഗാധരക്കുറപ്പടക്കമുള്ള  നിശബ്ദ സേവകരായ ചിലരിൽ വ്യത്യസ്തനാണ്  ശ്രീ ടി.ഐ.സുബ്രൻ.

സമാജം പ്രവർത്തക സമിതിയംഗം, പ്രാദേശിക കാര്യദർശി, പൊതു കാര്യാദർശി, സ്കൂൾ കാര്യാദർശി എന്നീ  നിലകളിൽ  ഒൻപതു വർഷത്തോളം പ്രവർത്തിച്ചു. തികച്ചും ആത്മാർത്ഥമായ ഒരു പ്രവർത്തന ശൈലിയായിരുന്നു സുബ്രൻ കാഴ്‌ചവച്ചത്‌. സമാജത്തിനുവേണ്ടി തന്റേതായ ഒരു സംഭാവനയും അവകാശപ്പെടാത്ത ഒരു മുഖ്യധാരാപ്രവർത്തകനായ സുബ്രനോടൊപ്പം പ്രവർത്തിച്ചിട്ടുള്ളവർക്കു മാത്രം അദ്ദേഹത്തിന്റെ കറയറ്റതും സത്യ സന്ധവുമായ പ്രവർത്തനങ്ങളേപ്പറ്റി ധാരാളം പറയുവാനുണ്ടാവും.

സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലുള്ള  മാളയിൽ ഒരു സാധാരണ കുടുംബമായിരുന്ന ‘തേവർവീട്ടിൽ’  അയ്യപ്പൻ-കാളിയമ്മ   ദമ്പതികളുടെ ആദ്യ പുത്രനായി 1949ൽ ജനിച്ചു. അമ്മിണി, ജാനു, വിജയൻ, ശശി, ശാന്ത എന്നിവർ ഇളയ സഹോദരങ്ങൾ. പ്രാഥമിക വിദ്യാഭ്യാസം മാളയിലുള്ള സെയിന്റ് ആന്റോണീസ് ഹൈ സ്കൂളിൽ വിജയകരമായി പൂർത്തിയാക്കി. പ്രീ ഡിഗ്രി  എറണാകുളം മഹാരാജാസ് കോളേജിൽ സയൻസ് ഗ്രൂപ്പെടുത്തു പഠിച്ചു പാസ്സായി. അതിനു ശേഷം കോഴിക്കോട്ടുള്ള  ഗവണ്മെന്റ് പോളിടെക്‌നിക്കിൽ നിന്ന് മൂന്നു വർഷത്തെ എലെക്ട്രിക്കൽ എഞ്ചിനീറിംഗും പാസ്സായി. അതോടെ വിദ്യാഭ്യാസം മതിയാക്കി

അന്ന് തുടങ്ങി സാമൂഹ്യ സേവങ്ങളിൽ മുഴുകി. തന്റെ ഗ്രാമത്തിലുള്ള മറ്റു യുവാക്കളുമായി ചേർന്ന് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളാരംഭിച്ചു. വിദ്യാനന്ദകലാസമിതിയുടെ സജീവ പ്രവർത്തകനായി. സ്വന്തമായി വരുമാനമൊന്നുമില്ലാതെ അച്ഛന്റെ പക്കൽ നിന്നുമുള്ള പണം ഈ സാമൂഹ്യ പ്രവർത്തനത്തിനായി ചിലവാക്കുന്നതിലുണ്ടായ മാനസികാസ്വസ്ഥതകൾ കാരണം  സാമൂഹ്യസേവനം തന്നെ അല്പം മടുത്തിരിക്കുന്ന അവസരത്തിലാണ് ബാംഗ്ലൂരിലേക്ക് തിരിച്ചത്. .

1975 മാർച്ച്  30 നു  ബാംഗളൂരിൽ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ITI Ltd-ൽ ജോലിക്കു ചേർന്നു. അന്നത്തെ F-2 റായ്‌ക്കു വയറിങ്ങിൽ, ഇൻസ്‌പെക്ഷനിലാണ്  ജോലി തുടങ്ങിയത്. അവിടെ മൊയ്ദീൻ, പി കെ തോമസ്, ബേബി വർക്കി തുടങ്ങി  കുറെ മലയാളികളുമായി ബന്ധപ്പെട്ടു.

പിന്നീട് അധികം താമസിയാതെ ക്രോസ്സ്‌ബാറിലേക്കു മാറ്റം കിട്ടി. അവിടെയും കുറേയധികം മലയാളികളോടൊപ്പം ജോലി ചെയ്തു.  അന്നേ  നല്ല വായനാ  ശീലമുണ്ടായിരുന്ന സുബ്രൻ മലയാളനാടെന്ന വാരികയുടെ  വരിക്കാരനായിരുന്നു. ആ വാരികയിൽ എം.കൃഷ്ണൻ നായരെഴുതുന്ന സാഹിത്യ വാരഫലം വളരെ പ്രസിദ്ധമായിരുന്നു. മലയാള നാട് വാരിക കേരള കേരള സമാജം വായന ശാലയിൽ ഉണ്ടായിരുന്നില്ല. സമാജത്തിന്റെ വായന ശാല ഇന്നുള്ള ഹാളിനു പകരം ഇറക്കി കെട്ടിയ പത്തടിക്കു പത്തടിയുള്ള ഒരു ചെറിയ ചായിപ്പ് മാത്രമായിരുന്നു. പ്രധാനപ്പെട്ട മലയാള പത്രങ്ങളുംചില വാരികകളും മാത്രം.

സമാജം ഗ്രന്ഥശാലയിലും  വായനശാലയിലും  മറ്റും  സജീവമായിരുന്ന ശ്രീ എം എസ ചന്ദ്രശേഖരൻ, ശ്രീ സുബ്രനുമായി പരിചയപ്പെട്ടു. മലയാള നാട് വാരിക ‘വായിച്ച ശേഷം’ സമാജത്തിലേക്കു നൽകുവാൻ അഭ്യർത്ഥിച്ചു. അങ്ങിനെ ആ വാരിക സമാജം വായന ശാലയ്ക്ക് ഒരു മുതൽക്കൂട്ടായി.

ഐ.ടി.ഐ.യിൽ സമാജത്തിന്റെ പ്രവർത്തകർ കൂടുതലുള്ള ഒരു ഡിവിഷൻയിരുന്നു ക്രോസ്സ്ബാർ. പീറ്റർ ജോർജ്, ത്യാഗരാജൻ, കെ.എം രാമചന്ദ്രൻ, എ.പി.രാമകൃഷ്ണൻ എം.കെ.ജനാർദ്ദനൻ, ഇ.ആർ.കെ.വാരിയർ, പി.ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, സി.കെ.വര്ഗീസ്, വി.ആർ സുധാകരൻ, ലാസർ തുടങ്ങിപലരും. ചുറ്റും ഇവരൊക്കെയുണ്ടങ്കിലൂം ഒരു സാമൂഹ്യ രംഗത്തേക്കുള്ള പ്രവർത്തനം തീരെ വേണ്ടെന്നു വച്ചിരിക്കുന്ന അവസരത്തിലാണ് അന്നത്തെ കൊത്തൂർ സോണൽ സിക്രട്ടറി പരേതനായ രാമചന്ദ്രക്കുറുപ്പ് നിർബന്ധപൂർവം  സമാജം പ്രവർത്തക സമിതിയിലേക്ക് നോമിനേറ്റ് ചെയ്തത്. അവിടെ തുടങ്ങി നമ്മുടെ ഈ ബൃഹുത്തായ സംഘടനയുടെ ചുക്കാൻ പിടിക്കുന്നവരിൽ ഒരാളായി മാറി. കൊത്തൂർ കമ്മറ്റിയഗം, സോണൽ സിക്രട്ടറി, പൊതു കാര്യദർശി. സ്കൂൾ കാര്യദർശി, ഐ.ടി.ഐ.യിൽ നിന്നുള്ള റിട്ടയർമെന്റിനുശേഷം ജൂബിലി സ്കൂൾ  അഡ്മിനിസ്ട്രേറ്റർ അങ്ങിനെ സംഘടനയുമായി മുപ്പത്തി മൂന്നോളം വർഷത്തെ സജീവ പങ്കാളിത്തം! 

കൊത്തൂരിലുള്ള ജൂബിലി സ്കൂളിന്റെ ശൈശവ കാലം. വടക്കു കിഴക്കുള്ള മൂലയിൽ പണിതിരുന്ന ഒരു ഷീറ്റു മേൽക്കൂരയോടുള്ള ഷെഡ്ഡ് മാത്രം. ഒരധ്യാപികയും ഏകദേശം 23  കുട്ടികളും.   അടുത്ത ഒരു വർഷത്തിനുള്ളിൽ നാലു മുറികളുള്ള കെട്ടിടം തയ്യാറായി. അന്ന് ശ്രീ സുബ്രൻ സ്കൂൾ കാര്യദർശിയായിരുന്നു. ജൂബിലി സ്കൂളിന്റെ യഥാർത്ഥ കാര്യദർശി അന്നായിരുന്നു. 

നാല് അധ്യാപകരും ഒരു ഹെഡ്മിസ്ട്രെസ്സും ഉണ്ടെങ്കിലും സ്കൂൾ ക്‌ളാസ്സുമുറികൾ തുറക്കുന്നതും, ഓഫീസിൽ  ജോലി ചെയ്യുന്നതും എന്തിനു പ്യുണിന്റെയും, വാച്ച്മാന്റെയും, ഡ്രിൽമാസ്റ്ററുടെയും അടക്കമുള്ള എല്ലാ പണികളും ഒരു സങ്കോചവുമില്ലാതെ ചെയ്തിരുന്ന സിക്രട്ടറി ശ്രീ സുബ്രനായിരുന്നു. വളരെ വ്യക്തമായിപറഞ്ഞാൽ ആ വര്ഷം ഒട്ടു മിക്ക ദിവസവും ഐ.ടി.ഐ.യിൽ 'ലേറ്റ് പഞ്ച്' സ്ഥിരമായിരുന്നു. ക്യാഷുൽ ലീവ് മുഴവനും മതിയായിരുന്നില്ല. എല്ലാ മാസവും അറ്റന്റൻസ് കുറഞ്ഞതിനാൽ ശമ്പളം വെട്ടിക്കുറക്കുമായിരുന്നു. പക്ഷെ ഇതൊന്നും ആരൊടും പറഞ്ഞില്ല ആരും അറിഞ്ഞിരുന്നുമില്ല. ഒരു പരിഭവുമില്ലാതെ തുടർന്നു.

നമ്മുടെ കേരള സമാജത്തിന്റെ ആദ്യത്തെ ഓണച്ചന്ത നടത്തുമ്പോൾ ശ്രീ സുബ്രനായിരുന്നു സിക്രട്ടറി. വി സദാനന്ദൻ, ടി ഇ വര്ഗീസ്,  ത്യാഗരാജൻ, വി ആർ സുധാകരൻ,  ടി രവീന്ദ്രൻ, , ഇ ആർ കെ വാരിയർ, പി ദിവാകരൻ, ടി.ഇ.വര്ഗീസ്, വി.കെ.പൊന്നപ്പൻ, പി.ബാലസുബ്രമണിയം, രാമചന്ദ്രക്കുറുപ്പ്, എന്നിങ്ങനെ ഈ കുറിപ്പുകാരനടങ്ങുന്ന ഒരു വലിയ സംഘം തന്നെ ശ്രീ സുബ്രനോടൊപ്പം എല്ലാ പ്രവർത്തനങ്ങൾക്കും സഹകരിച്ചു.

അന്ന് സമാജത്തിന്റെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ ജോർജ് കുര്യൻ, കെ എം.രാമചന്ദ്രൻ, എ.പി.രാമകൃഷ്ണൻ, സി.കെ.നായർ, വി.ദേവദാസൻ, എം.വേണുഗോപാലക്കുറുപ്, ഡോക്ടർ ശേഷാദ്രി, എൻ.കെ.നായർ ടി.എസ.കൃഷ്ണൻ, എം.ഗംഗാധരകുറുപ്, ആർ.പൊന്നപ്പൻ വി.സദാനന്ദൻ, പി.ദിവാകരൻ, സുശീലാ  ശേഷാദ്രി, ടി.ഇ.വര്ഗീസ്, ഇഞ്ചക്കൽ ജോർജ്, ഡെന്നീസ് പോൾ തുടങ്ങിയവരും സജീവമായി രംഗത്തുണ്ടായിരുന്നു.

1985 ൽ വിവാഹിതനായി. ഭാര്യ പിൽക്കാലത്തു വനിതാ വിഭാഗത്തിന്റെ പ്രവർത്തകയായ ശ്രീമതി കെ.സുമിത്ര. മക്കൾ സുനിതയും സുബിതയും. സുനിതയുടെ ഭർത്താവ് കിഷോർ കുമാർ, മകൻ റിഷാബ് കിഷോർ. സുബിതയുടെ ഭർത്താവ്, ബിമൽ കുമാർ, മകൻ അർജുൻ കുമാർ.

2004 ൽ ശ്രീ സുബ്രൻ ഐ ടി ഐ യിൽ നിന്നും വിരമിച്ചു. സമാജത്തിന്റെയും സ്കൂളിന്റെയും പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹത്തിനെ അന്നത്തെ പ്രവർത്തക സമിതി, ഒഴിവുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്ററുടെ തസ്തികയിലേക്ക് താല്കാലികമായെടുത്തു. അദ്ദേഹത്തിന്റെ പ്രവർത്തന നൈപുണ്യം മനസ്സിലാക്കിയ അടുത്ത പ്രവർത്തക സമിതികൾ ആ പദവി തുടരുവാൻ ആവശ്യപ്പെടുകയും അദ്ദേഹം അതേറ്റെടുക്കുകയും ചെയ്തു. 

അങ്ങിനെ ഈ സ്ഥാപനത്തിന്റെ നെടുംതൂണായി നിലകൊണ്ടിരുന്ന  വ്യക്തിക്ക് ഒരു താത്കാലിക വിശ്രമം നൽകി..   തുടക്കം മുതൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകരും അദ്ദേഹത്തിന് ആശംസകൾ നേരാൻ യാത്രയയപ്പു യോഗത്തിലെത്തിയിരുന്നു. അദ്ദേഹം ഇന്നേവരെ എങ്ങനെയുള്ള ആളായിരുന്നു എന്നതിന് ഇത് മാത്രം മതി ഒരു തെളിവ്. വർഷങ്ങളോളം അനുഭവസമ്പത്തുണ്ടായിട്ടും അങ്ങേയറ്റം എളിമയോടെ ജീവിക്കുന്നതും പെരുമാറുന്നതുമായ ഈ നിശബ്ദ സേവകന് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ അനവധിപേർ സ്നേഹാദരങ്ങളുമർപ്പിച്ചു.

സമാജധ്യക്ഷൻ ശ്രീ മുരളീധരൻ നായർ, ശ്രീ സുബ്രൻ സംഘടനക്കു നൽകിയ സംഭവനകളെപ്പറ്റി വിശദീകരിച്ചു സദസ്സിനു പരിചയപ്പെടുത്തി, പൊന്നാടയണിയിച്ചാദരിച്ചു.  ഉപാധ്യക്ഷൻ ശ്രീ എം.പി.വിജയൻ, സ്കൂൾ കാര്യദർശി ശ്രീ ചന്ദ്രശേഖരക്കുറുപ്. ഖജാൻജി ശ്രീ എം കെ ചന്ദ്രൻ എന്നിവർ സമാജത്തിന്റെ വകയായ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

സമാജം പൊതു കാര്യദർശി ശ്രീ ഡെനീസ് പോൾ,  യോഗം നടപടികൾക്ക് നേതൃത്വം വഹിച്ചുകൊണ്ട്  ശ്രീ.സുബ്രനെപ്പറ്റിയുള്ള ഓർമ്മകൾ  സദസ്സിൽ പങ്കുവെച്ചു

എസ്.കെ.നായർ -ബാംഗ്ലൂർ

footer
Top