• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
December 21, 2023

വീട്ടുപൂച്ചകൾ

 

മൃഗങ്ങളിൽ വമ്പൻ വേട്ടക്കാരുണ്ട്. സിംഹവും പുലിയും കടുവയുമൊക്കെ ഇതിൽ ഉൾപ്പെടും. എന്നാ‍ൽ നമ്മൾ അത്രയധികം വിചാരിക്കാത്ത ഒരു ജീവി ശക്തനായ വേട്ടക്കാരനാണെന്നും പരിസ്ഥിതിയെ മാറ്റിമറിക്കുന്ന രീതിയിൽ വേട്ട നടത്താൻ അതിനു കഴിവുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. വേറാരുമല്ല വീട്ടുപൂച്ചകളാണ് ആ ജീവികൾ. അതെ നമ്മൾ കാണുന്ന പൂച്ചകൾ തന്നെ. ലോകത്ത് ഏകദേശം 2000 സ്പീഷീസോളം ജീവികളെ പൂച്ചകൾ വേട്ടയാടിയിട്ടും കൊന്നിട്ടുമുണ്ടത്രേ. ഇതിൽ 350ഓളം ജീവികൾ പരിസ്ഥിതിപരമായ പ്രതിസന്ധി നേരിടുന്നവയാണ്. പലതും വംശനാശം സംഭവിച്ചവയുമാണ്.

കൂർത്ത നഖങ്ങളും, രാത്രിയിൽ കാണാനുള്ള കഴിവും അതിനെ മറ്റേതൊരു ജീവിവർഗത്തിൽ നിന്നും ശക്തനായ വേട്ടക്കാരൻ ആക്കി പൂച്ചയെ മാറ്റുന്നു.

ഏകദേശം 9000 വർഷത്തോളം ആയി മനുഷ്യരുമായുള്ള ബന്ധം പൂച്ചകൾ ലോകമെങ്ങും വ്യാപിക്കുന്നതിനു സഹായകമായി. ഇപ്പോൾ ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്ന പഠനത്തിൽ പൂച്ചകൾ 981 തരം പക്ഷികൾ, 463 തരം ഉരഗങ്ങൾ, 431 തരം സസ്തനികൾ, 119 തരം കീടങ്ങൾ, 57 തരം ഉഭയജീവികൾ എന്നിവയെയൊക്കെ ആക്രമിച്ചതായി തെളിഞ്ഞു. ലോകത്തെ ഏറ്റവും ശക്തമായ ജീവികുടുംബമായ ഫെലിഡെയിൽ പെട്ടതാണ് പൂച്ചകൾ. ലെപ്പേഡ്, മേഘപ്പുലി, മഞ്ഞുപുലി, ജാഗ്വർ, പ്യൂമ, ചീറ്റ, ഓസിലോട്ട്, ലിങ്ക്സ് തുടങ്ങിയവയൊക്കെ ഈ കുടുംബത്തിലാണ്.

വീട്ടുപൂച്ചകൾ ഉത്ഭവിച്ചത് നാലു കോടി വർഷം മുൻപ് വടക്കേ അമേരിക്കയിൽ അധിവാസമുറപ്പിച്ച അതീവ ആക്രമണകാരികളായ ജീവികളിൽ നിന്നാണ്. ഡീഗോലുറസ് എന്നറിയപ്പെട്ടിരുന്നു ഇവ. വെളിയിലേക്ക് ഉന്തി നിൽക്കുന്ന കോമ്പല്ലുകളുള്ള ഈ ജീവികൾ ലോകത്തിലെ ആദ്യത്തെ സമ്പൂർണ മാംസാഹാരികളത്രേ. ഇപ്പോഴത്തെ വീട്ടുപൂച്ചകളുടെ ഇരട്ടി വലുപ്പമുണ്ടായിരുന്ന ഈ ജീവികൾ അതി നിപുണരായ വേട്ടക്കാരാണ്. കാണ്ടാമൃഗങ്ങൾ, ഒട്ടകങ്ങൾ, പന്നികൾ, കുതിരകൾ തുടങ്ങിയ വലിയ ജീവികളെയും ഇവ വേട്ടയാടി.

കോമ്പല്ലുകൾ വെളിയിലേക്കിറങ്ങിയിരിക്കുന്ന പൂച്ചകളിൽ ഏറ്റവും പ്രശസ്തമാണ് സ്മൈലോഡോൺ എന്ന വൻപൂച്ചകൾ. പതിനായിരം വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായ  ഈ ഭീമൻപൂച്ചകളുടെയും പൂർവികനാണ്  ഡീഗോലുറസ്. ആയിരം കിലോയോളം ഭാരമുണ്ടായിരുന്ന സ്മൈലോഡോൺ പൂച്ചകൾക്ക് പത്തടിയോളം നീളവുമുണ്ടായിരുന്നു.

ഡീഗോലുറസ് ഉൾപ്പെടുന്ന മഷറോയഡിനിസ് ജന്തുകുടുംബം ജന്തുശാസ്ത്രമേഖലയിൽ ഏറ്റവും കുറച്ചുമാത്രം പഠിക്കപ്പെട്ടിട്ടുള്ള വിഭാഗമാണ്. യുഎസിലും ഏഷ്യയിലെ ചില ഭാഗങ്ങളിലും മാത്രമാണ് ഇത്തരം ജീവികളുടെ ശേഷിപ്പുകൾ കണ്ടെത്തപ്പെട്ടിട്ടുള്ളത്. (കടപ്പാട് - മീഡിയ ഓൺലൈൻ)

---- കൂൾ ബാംഗ്ലൂർ ന്യൂസ്

footer
Top