മാർച്ച് 17 ഞായറാഴ്ച നാലുമണിക്ക് "സർഗ്ഗധാരാ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ വനിതാദിനാഘോഷവും, ശാർങ്ഗധരൻ അവാർഡ് സമർപ്പണവും, സാഹിത്യ സാംസ്കാരിക രംഗത്ത് ഖ്യാതി നേടിയവരെ ആദരിക്കുകയൂം വഴി മനോഹരമായ ഒരു സാംസ്‌കാരിക സായാഹ്ന കൂട്ടായ്മ അരങ്ങേറി.
ജന്മനാൽ 'ഓസ്റ്റിയോജെനിസിസ് ഇൻപെര്ഫെക്ടാ' എന്ന എല്ലുകൾ പൊടിയുന്ന രോഗത്തെ ധൈര്യപൂർവം അതിജീവിച്ച് ആ തരത്തിലുള്ള വേദനകളനുഭവിക്കുന്നവർക്ക് മാനസികമായ പ്രചോദനം നൽകുന്ന, ഗ്ലാസ് വുമൺ എന്ന് പരക്കെ അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കർ കുമാരി ധന്യയെ സർഗ്ഗവേദിക്കുവേണ്ടി ബാംഗ്ലൂർ സാംസ്‌കാരിക വേദിക്കു സുപരിചിതയായ എഴുത്തുകാരി കെ ടി ബ്രിജി ആദരിച്ചാശംസകൾ നേർന്നു.
മലയാളം മിഷൻ അക്കാദമിക് കോർഡിനേറ്റർ മീരാ നാരായണൻ, സിനി ആർട്ടിസ്റ്റ് കമനീധരൻ , ശാർഗ്ധരൻ സ്മാരക അവാർഡ് നേടിയ എം.എസ്. ശ്രീരാമലൂ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി, കേരള സാഹിത്യ അക്കാദമി അവാർഡുജേതാവായ പ്രശസ്ത എഴുത്തുകാരൻ യു.കെ. കുമാരൻ, സർഗധാര രക്ഷാധികാരിയായ വിഷ്ണുമംഗലം കുമാർ, റിട്ടയേർഡ് ഫിലിം സെൻസർ ബോർഡ് കമ്മീഷണറായിരുന്ന ചന്ദ്രശേഖർ (ഐ.എ.എസ്. Retd) എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ കെ.ഗംഗാധരൻ, ബാലസാഹിത്യ അക്കാദമി അവാർഡ് നേടിയ ഓസ്റ്റിൻ അജിത് എന്നിവരെ ആദരിച്ചു.
കേരളം സമാജം ദൂരവാണിനഗർ മുൻ അധ്യക്ഷൻ എസ്.കെ നായർ, മലയാളം മിഷൻ കോർഡിനേറ്റർ ടോമി, പ്രസിദ്ധ ചിത്രകാരനായ ഷഫിക് പുനത്തിൽ എന്നിവരും സർഗധാരയുടെ ഔദ്യോഗിക ഭാരവാഹികളും സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
മലയാളത്തിൽ നിന്ന് കന്നടയിലേക്കുള്ള വിവർത്തനത്തിനായി കേന്ദ്ര സാഹിത്യ പുരസ്‌കാരം നേടിയ കെ കെ ഗംഗാധരന്റെ നർമ്മ രസം നിറഞ്ഞ മറുപടി പ്രസംഗത്തിന്റെ ഒരു ഭാഗം:
'ഞാൻ ആദ്യമായി വിവർത്തനം ചെയ്തതിന് അവാർഡല്ല ചൂരൽ കാഷായമായിരുന്നു..!
ആ വിവർത്തനം കന്നടയിൽ നിന്ന് ഇംഗ്ളീഷിലേക്കായിരുന്നു..!
നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു ദിവസം എന്നെ എന്തിനും അടിക്കുന്ന ക്‌ളാസ് ടീച്ചർ, നീലമ്മ ടീച്ചർ ക്‌ളാസ്സു തുടങ്ങിയിട്ടും വന്നില്ല.
അന്ന് ടീച്ചർ അവധിയാണെന്നാണ് അറിഞ്ഞത്. അതൊന്നാഘോഷിക്കാൻ വേണ്ടി ഞാൻ ചോക്കുമായി ബ്ലാക്ക് ബോര്ഡിൽ എഴുതി.
നീലമ്മ = BLUE MOTHER..!
അവരുടെ ഭർത്താവ് കെമ്പണ്ണ = RED BROTHER
എഴുതി കഴിഞ്ഞപ്പോൾ ഒരു സമാധാനമായി. കുട്ടികളെല്ലാം ആർത്തു ചിരിച്ചു. ഞാനും ആ കൂട്ടചിരിയിൽ പങ്കെടുത്തുകൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ അതാ നീലമ്മ ടീച്ചർ...!
പിന്നെ പറയണോ ..?
മൂന്നു തരത്തിലുള്ള ചൂരൽ എന്നും സൂക്ഷിക്കുന്ന ഹെഡ് മാസ്റ്റർ ആ മൂന്നു ചൂരലും എന്റെമേൽ പ്രയോഗിച്ചു.
നിറഞ്ഞ കരഘോഷങ്ങൾക്കിടയിൽ കെ.കെ. സദസ്സിനു നർമ്മരസം പകർന്നു.. പല കഥകളും പറഞ്ഞു..
സർഗധാര സാംസ്‌കാരിക സമിതിയുടെ അധ്യക്ഷ ശാന്തമേനോൻ സ്വാഗതവും സെക്രട്ടറി ഷൈനി അജിത് നന്ദിയും രേഖപ്പെടുത്തി.
Cool Bangalore News